ജനവിശ്വാസം ആര്‍ജിക്കാനാകണം

Posted on: October 25, 2015 4:20 am | Last updated: October 24, 2015 at 10:41 pm
SHARE

ഇന്ത്യയുടെ മുഖമുദ്രയെന്നത്, അതിന്റെ നാനാത്വത്തിലെ ഏകത്വമാണ്. വിവിധ മതവിശ്വാസങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരവും പുലര്‍ന്നിരുന്ന നമ്മുടെ നാട് പലര്‍ക്കും ഒരു അത്ഭുതമാണ്. ഭാഷ, ഭക്ഷണ രീതികള്‍, വസ്ത്രധാരണം തുടങ്ങിയവയിലെല്ലാം വൈവിധ്യം പുലര്‍ത്തുമ്പോഴും ഇന്ത്യക്കാരെന്നതില്‍ അഭിമാനിക്കുന്നവരാണ് നാം. മതവിശ്വാസങ്ങളെ അവമതിക്കാനും അതിലൂടെ സമൂഹത്തില്‍ സ്പര്‍ധ കുത്തിയിളക്കാനും കാലങ്ങളായി മതതീവ്രവാദികളും മറ്റു ദുഷ്ടശക്തികളും ശ്രമിച്ചുവരുന്നുണ്ട്. പഞ്ചാബിലും ജമ്മുകാശ്മീരിലും അസം അടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ പ്രവണത കുറച്ച് കാലമായി വര്‍ധിച്ച് വരുന്നു. പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികള്‍ സൃഷ്ടിച്ച ഭീകരാവസ്ഥക്ക് കനത്ത വിലനല്‍കേണ്ടിവന്നിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശങ്ങളില്‍ നിന്ന് വേണ്ടതിലേറെ ധനസഹായവും ലഭിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗോളതലത്തില്‍ തന്നെ ദുഷ്ടശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജമ്മുകാശ്മീരിലും പഞ്ചാബിലും വടക്കുകിഴക്കന്‍ മേഖലയിലും അതിന്റെ അലയൊലി കേള്‍ക്കാം. പവിത്രമായ മതഗ്രന്ഥങ്ങള്‍ വികൃതമാക്കിയും നശിപ്പിച്ചും അവമതിച്ചും ഒരു പറ്റമാളുകള്‍ പ്രകോപനം സൃഷ്ടിക്കുമ്പോള്‍, മറ്റു ചിലര്‍ ആരാധനാലയങ്ങള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടാണ് വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കുന്നത്.
സിഖ്കാര്‍ക്ക് പവിത്രമായ മതഗ്രന്ഥമാണ് ഗുരുഗ്രന്ഥ സാഹിബ്. അതിനെ അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അമൃത്‌സര്‍, ജലന്തര്‍, ലുധിയാന. ടരന്‍ ടരാന്‍ തുടങ്ങിയ ജില്ലകളില്‍ സ്‌ഫോടനാത്മക അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സമാധാന പാലനത്തിനായി ആയിരം പേരടങ്ങുന്ന പത്ത് കമ്പനി അര്‍ധ സൈനിക സേനയെ കേന്ദ്ര സര്‍ക്കാര്‍ ഈ ജില്ലകളില്‍ വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സേനയും സംസ്ഥാന പോലീസും ഫഌഗ് മാര്‍ച്ച് നടത്തുകയുണ്ടായി. മതവികാരം വ്രണപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ ധര്‍ണയും പ്രകടനങ്ങളും സംഘടിപ്പിച്ചു. ഇതെല്ലാം സംഘര്‍ഷത്തിന് ആക്കം കൂട്ടിയിട്ടേയുള്ളു. കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ സാധാരണ ജീവിതം തകിടം മറിച്ചു. ഫരിദ്‌കോട്ടിലെ ബര്‍ഗരി ഗ്രാമത്തില്‍ വിശുദ്ധഗ്രന്ഥം നശിപ്പിച്ച കേസില്‍ രണ്ട് സഹോദരങ്ങളെയാണ് അറസ്റ്റ് ചെയ്തത്. ആസ്‌ത്രേലിയയില്‍ നിന്നുള്ള ചിലരുടെ പ്രേരണയാലാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് എടുത്ത ഏഴ് കേസുകളില്‍ ഈ സഹോദരങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് അറിയുന്നത്.
പഞ്ചാബിലെന്നപോലെ ജമ്മുകാശ്മീരില്‍ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയവരടക്കമുള്ളവര്‍ക്ക് പങ്കുണ്ട്. പക്ഷേ, രാജ്യത്തിനകത്തുനിന്ന് തന്നെയുള്ള തീവ്രവാദി പ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ പങ്കെന്ന് സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഉധംപൂരിനടുത്ത് ഒക്‌ടോബര്‍ ഒമ്പതിന് ഒരു കാശ്മീരി ട്രക്ക് കണ്ടക്ടറായ ശഹീദ് റസൂല്‍ വധിക്കപ്പെട്ടത് സ്ഥിതിഗതികള്‍ വഷളാക്കി. റസൂലിന്റെ വധത്തില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ പരക്കെ സംഘര്‍ഷാവസ്ഥ ഉളവായി. കടകമ്പോളങ്ങള്‍ അടച്ചിടപ്പെട്ടു. യുവാക്കള്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതിനൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സുരക്ഷാ സേനകള്‍ക്ക് അമിതാധികാരം നല്‍കുന്ന നിയമത്തോട് ജനങ്ങള്‍ക്ക് കടുത്ത വെറുപ്പുണ്ട്. നിരപരാധികളെ വകവരുത്തിയശേഷം അത് ‘ഏറ്റുമുട്ടല്‍’ ആക്കിമാറ്റി നിയമപരിരക്ഷയില്‍ കഴിയുന്ന സായുധ സേനാംഗങ്ങള്‍ ഏറെയാണ്. തീവ്രവാദികള്‍ക്കൊപ്പം വര്‍ഗീയതയുടെ കൂട്ടുകൂടിയാകുമ്പോള്‍ ജനവിരുദ്ധ നടപടികളുടെ പരമ്പരകള്‍തന്നെ സൃഷ്ടിക്കപ്പെടുന്നു. ജമ്മുകാശ്മീരില്‍ അവന്തിപൊര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒക്‌ടോബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഥമ ബിരുദദാനചടങ്ങ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കെണ്ടിവന്നത് പ്രശ്‌നം അത്രമാത്രം വര്‍ഗീയവത്കരിക്കപ്പെട്ടതിനാലാണ്. ജമ്മുകാശ്മീരിലായാലും വടക്കുകിഴക്കന്‍ മേഖലയിലാണെങ്കിലും ഇപ്പോള്‍ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. പൊതുജനങ്ങളുടെ ആത്മാര്‍ഥമായ സഹകരണമില്ലെങ്കില്‍ ആര്‍ക്കും ഈ അവസ്ഥ മാറ്റിയെടുക്കാനാവില്ല. ഇതിനാകണമെങ്കില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയണം. പട്ടാളത്തിനും ആയുധങ്ങള്‍ക്കും ചെയ്യാനാകാത്തത് ജനകീയ മുന്നേറ്റങ്ങള്‍ക്കാകുമെന്നതിന് ചരിത്രം സാക്ഷിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here