Connect with us

Education

നെറ്റ് ഇല്ലാത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധം: തീരുമാനം പുനഃപരിശോധിക്കുമെന്ന് യു ജി സി

Published

|

Last Updated

ന്യൂഡല്‍ഹി: നെറ്റ് യോഗ്യതയില്ലാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാമെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളെ അറിയിച്ചു.
യു ജി സി തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യു ജി സി നിലപാട് പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമായത്.
ഗവേഷണ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ശിപാര്‍ശ നിലനില്‍ക്കവെയാണ് നിലവിലുള്ള സ്‌കോളര്‍ഷിപ്പ് എടുത്തുകളയാന്‍ യു ജി സി തീരുമാനിച്ചത്. എന്നാല്‍ നിലവിലുള്ള സ്‌കോളര്‍ഷിപ്പ് ഘടന സുതാര്യമല്ലെന്നും, ഇത് ഏകീകരിക്കാനാണ് ഈ തീരുമെനാമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് മന്ത്രാലയത്തിന്റെ ചോദ്യത്തിന് യു ജി സി മറുപടി നല്‍കിയത്.
സ്‌കോളര്‍ഷിപ്പ് ഫണ്ടിന്റെ പ്രവര്‍ത്തനം കഴിവുറ്റതാക്കാന്‍ ശ്രമിക്കുകയാണ്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍വകലാശാലകളിലും, പിന്നീട് സംസ്ഥാന സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. സര്‍വകലാശാലകള്‍ നിലവില്‍ യു ജി സിയുടെ നിയന്ത്രണത്തിലാണെന്നും സ്‌കോളര്‍ഷിപ്പ് യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് തീരുമാനമെന്നുമായിരുന്നു മന്ത്രാലയത്തിന് നല്‍കിയവിശദീകരണം.
നിലവില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 5000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കി വന്നിരുന്നത്.
നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ച ഉത്തരവ് വന്നതുമുതല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു.
ജെ എന്‍ യു, ഡല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പലതവണ യു ജി സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് സമരം പൊളിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അടുത്ത മാസം ചേരുന്ന യു ജി സി യോഗത്തില്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് വിദ്യാര്‍ഥിസംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പ് ലഭിച്ചു.
യു ജി സി ഉത്തരവിനെതിരെ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ് എഫ് ഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സുനന്ദ്, ജെ എന്‍ യു യൂനിറ്റ് ജോയിന്റ് സെക്രട്ടറി വി ആര്‍ നജീബ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇരുവരും എല്‍ എന്‍ ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest