ഫാസിസത്തിനെതിരെ പ്രതികരിച്ച എഴുത്തുകാരിക്കെതിരെ ഭീഷണി

Posted on: October 24, 2015 11:21 pm | Last updated: October 24, 2015 at 11:24 pm

chetna copyബംഗളുരു: സംഘ്പരിവാറിന്റെ അസഹിഷ്ണുതാ നിലപാടില്‍ പ്രതിഷേധിച്ച കര്‍ണാടക എഴുത്തുകാരിക്ക് ഭീഷണി. ബീഫ് നിരോധം, ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം , സാഹിത്യകാരന്മാര്‍ക്കെതിരായ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ സംഘപരിവാറിനെതിരെ പ്രതിഷേധിച്ച കന്നട എഴുത്തുകാരി ഛേതന തീര്‍ഥഹള്ളിയാണ് ഭീഷണി നേരിടുന്നത്. ബീഫ് നിരോധനം ഉള്‍പ്പടെയുള്ളവയില്‍ പ്രതിഷേധം തുടര്‍ന്നാല്‍ ബലാത്സംഗം ചെയ്യുമെന്നും, ആസിഡ് ആക്രമണം ഉള്‍പ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി ്.ഫേ്‌സ്ബുക്കിലൂടെയാണ് ചേതനക്ക് നിരന്തര സന്ദേശം ലഭിച്ചത്. ഫേസ്ബുക്ക് ഉള്ളടക്കം ഉള്‍െപ്പടെ കാട്ടി ചേതന പോലീസില്‍ പരാതി നല്‍കി. ബീഫ് നിരോധനം, എഴുത്തുകാര്‍ക്കെതിരായ ആക്രമണം, ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സംഘ്പരിവാറിന്റെ നിലപാടിനെതിരെ അവര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇത്തരം എഴുത്ത് നിര്‍ത്തണം എന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ആദ്യം ചേതന സന്ദേശങ്ങള്‍ അവഗണിച്ചു. ഭീഷണി രൂക്ഷമായതിനെ തുടര്‍ന്നാണ് ഹനുമന്തനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് ചേതന ഭീഷണിവിവരം പുറത്തുവിട്ടത്.
‘കല്‍ബുര്‍ഗിയുടെ മരണത്തിലുള്ള അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. ഞാന്‍ സുരക്ഷിതയാണെന്ന് കരുതുന്നില്ല. കല്‍ബുര്‍ഗിയുടെയത്ര വലിയ ആളല്ല ഞാന്‍, എങ്കിലും എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രത്യേകിച്ചും ഓരോ പോസ്റ്റും ഓരോ ചലനവും അവര്‍ നിരീക്ഷിക്കുന്നുവെന്നും ചേതന തീര്‍ത്ഥഹള്ളി പറഞ്ഞു. വര്‍ഗീയവും സ്ത്രീത്വത്തിനെതിരായതും അശ്ലീലവും ഉള്‍പ്പെടുന്നതാണ് സന്ദേശങ്ങള്‍. ഇന്ത്യന്‍ ശിക്ഷാനിയമം 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമാധാനം തകര്‍ക്കുക, അപായ ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.