ജോണ്‍ കെറിയും മഹ്മൂദ് അബ്ബാസും ജോര്‍ദാനില്‍ കൂടിക്കാഴ്ച നടത്തി

Posted on: October 24, 2015 11:08 pm | Last updated: October 24, 2015 at 11:08 pm

john kerryറാമല്ല: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് അറുതിയാകാത്ത സാഹചര്യത്തില്‍, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ദാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അബ്ബാസിന് പുറമെ ജോര്‍ദാന്‍ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമനുമായും കെറി കൂടിക്കാഴ്ച നടത്തി. ജോണ്‍ കെറിയും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ച വളരെ അര്‍ഥവത്തായിരുന്നുവെന്നും ആഴത്തിലുള്ളതായിരുന്നുവെന്നും ഫലസ്തീന്‍ വക്താവ് സാഇബ് ഇരീകത് പറഞ്ഞു. ഫലസ്തീന്‍ ജനതക്ക് ഐക്യരാഷ്ട്ര സഭയില്‍ നിന്ന് സുരക്ഷിതത്വം ലഭിക്കുന്നതിന് വേണ്ടി യു എസ് ഭരണകൂടത്തിന്റെ സഹായം അബ്ബാസ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ഒരു അന്താരാഷ്ട്ര അന്വേഷണ സംഘത്തെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫലസ്തീനികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ ചെറുത്തുനില്‍പ്പുകള്‍ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് ഇസ്‌റാഈല്‍ സൈന്യം അടിച്ചമര്‍ത്തുകയാണെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
മഹ്മൂദ് അബ്ബാസുമായി ജോര്‍ദാനില്‍ കൂടിക്കാഴ്ച നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് ബെര്‍ലിനില്‍ കെറി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് വിഭാഗങ്ങളോടും സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അന്ന് കെറി നിര്‍ദേശിച്ചിരുന്നു.