Connect with us

National

യുദ്ധ വിമാനങ്ങള്‍ പറത്താന്‍ ഇനി വനിതകളും

Published

|

Last Updated

ന്യൂഡല്‍ഹി: വനിതാ പൈലറ്റുമാരെ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കണമെന്ന വ്യോമസേനയുടെ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. യുദ്ധ വിമാനങ്ങള്‍ പറത്താന്‍ പരിശീലനം നേടി 2017 ജൂണില്‍ പുറത്തിറങ്ങുന്ന വനിതാ പൈലറ്റുമാര്‍ വ്യോമസേനയുടെ ഭാഗമാകും. വനിതകളെ പോര്‍വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കണമെന്ന വ്യോമസേനയുടെ ആവശ്യം അംഗീകരിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹൈദരാബാദിലെ വ്യോമസേനാ അക്കാദമിയില്‍ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്ന ബാച്ചില്‍ നിന്നാണ് യുദ്ധ വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റുമാരെ തിരഞ്ഞെടുക്കുക. നിലവില്‍ വിമാനം പറത്താന്‍ പരിശീലനം നല്‍കുന്ന ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ അടുത്ത വര്‍ഷം ജൂണില്‍ യുദ്ധവിമാനം പറത്താന്‍ ഒരു വര്‍ഷം നീളുന്ന പ്രത്യേക പരിശീലനം നല്‍കും. ഇതിന് ശേഷം ഇവര്‍ വ്യോമസേനയുടെ ഭാഗമാകും.
നിലവില്‍ വ്യോമസേനയിലെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളിലും ഹെലിക്കോപ്റ്ററുകളിലും വനിതാ പൈലറ്റുമാരുണ്ട്. സിഗ്‌നല്‍, എന്‍ജിനീയറിംഗ്, ആര്‍മി ഏവിയേഷന്‍, ആര്‍മി എയര്‍ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലും വനിതകള്‍ സേവനം ചെയ്യുന്നുണ്ട്. യുദ്ധവിമാനങ്ങളില്‍ കൂടി വനിതകളെ ഉള്‍പ്പെടുത്തുന്നതോടെ മേഖലയില്‍ അവസര സമത്വമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
സായുധസേനയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കര, വ്യോമ, നാവികസേനാ മേധാവികളോട് ആവശ്യപ്പെട്ടിരുന്നു. യുദ്ധവിമാനങ്ങള്‍ പറത്തുന്നതിന് വനിതകളെ റിക്രൂട്ട് ചെയ്യണമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാവികസേനയിലെ നിരീക്ഷണ വിമാനങ്ങളുടെ പൈലറ്റായി വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധോവന്‍ അറിയിച്ചിട്ടുണ്ട്.

Latest