Connect with us

International

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ പട്രീഷ്യ ചുഴലിക്കാറ്റ് വീശിയടിച്ചു

Published

|

Last Updated

മെക്‌സിക്കന്‍ സിറ്റി: മെക്‌സിക്കോയുടെ പസഫിക്ക് തീരത്ത് പട്രീഷ്യ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് തീരപ്രദേശത്ത് കാറ്റും മഴയും കനത്ത ദുരിതം തീര്‍ക്കുമെന്ന ആശങ്കയിലാണ്. കാറ്റ് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭയപ്പെട്ടതിനേക്കാള്‍ കുറച്ച് നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളുവെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്ററിക് പെന നിറ്റൊ പറഞ്ഞു. പടിഞ്ഞാറന്‍ ജലിസ്‌കൊ സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് പട്രീഷ്യ വീശിയടിച്ചതിന് ഏകദേശം അഞ്ച് മണിക്കൂര്‍ ശേഷം നല്‍കിയ ടെലിവിഷന്‍ സന്ദേശത്തില്‍ കാറ്റിന് ഇനിയും സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പ്രസിഡന്റ് പറഞ്ഞു. കാറ്റിന് പിറകെയുണ്ടായ കനത്ത മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ആളപായങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീരപ്രദേശങ്ങളില്‍ മരങ്ങളും തെരുവ് വിളക്കുകാലുകളും കടപുഴകിയതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലിസ്‌കൊ സംസ്ഥാനത്തിന്റെ തീരപ്രദേശത്തിന് സമീത്തെ ക്യുക്‌സ്മാലയിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയത്. പട്രീഷ്യയുടെ വരവിന് മുന്നോടിയായി 56 മുനിസിപ്പാലിറ്റികളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പതിനായിരക്കണക്കിന് പ്രദേശവാസികളെയും ടൂറിസ്റ്റുകളെയും ഒഴിപ്പിക്കുകയും അടിയന്തര സഹായത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു അധികൃതര്‍. ഫിലിപ്പൈന്‍സില്‍ 2013ല്‍ അയിരക്കണക്കിന് പേര്‍ മരിക്കാനിടയായ ഹൈയാന്‍ ചുഴലിക്കാറ്റിന് സമാനമായ ഗണത്തിലാണ് പട്രീഷ്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.