Connect with us

Wayanad

വീണ്ടും ചന്ദനമോഷണം: അന്വേഷണം തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: ഒരു ഇടവേളക്ക് ശേഷം അമ്പലവയലില്‍ വീണ്ടും ചന്ദനമോഷണം. സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ നിന്നിരുന്ന രണ്ട് ചന്ദനമരം കഴിഞ്ഞ ദിവസം മോഷണം പോയി.
അമ്പലവയല്‍ പൊലീസ് അന്വേഷണം തുടങ്ങി. മേപ്പാടി വനംറെയ്ഞ്ചില്‍ വാടേരി ഫോറസ്റ്റ് സെക്ഷനില്‍ വരുന്ന അമ്പലവയല്‍ നരിക്കുണ്ട് വട്ടിക്കുന്നേല്‍ ഹംസയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നിരുന്ന രണ്ട് ചന്ദനമരങ്ങളാണ് ബുധനാഴ്ച രാത്രിയില്‍ മുറിച്ച് കടത്തപ്പെട്ടിരിക്കുന്നത്.
ചന്ദനത്തിന്റെ ഗന്ധം വന്നതിനെ തുടര്‍ന്ന് ഹംസ തോട്ടത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രണ്ടോളം ചന്ദനമരങ്ങള്‍ മുറിച്ച കടത്തിയതായി കണ്ടത്. ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന ചന്ദനമരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നത്.മൂര്‍ച്ചയേറിയ വാളുപയോഗിച്ചാണ് മരം മുറിച്ചിരിക്കുന്നത്.
മരത്തിന്റെ കടഭാഗം മാന്തി വേരുകളടക്കം പുറത്തെടുക്കാനും ശ്രമം നടന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് പനമരം സ്വദേശികളാണെന്ന പരിചയപ്പെടുത്തി രണ്ട് പേര്‍ ഹംസയുടെ വീട്ടില്‍ വരികയും തോട്ടത്തിലുള്ള ചന്ദനമരം വില്‍ക്കുന്നുണ്ടോയെന്ന് തിരക്കിപ്പോയതായും ഹംസ പറഞ്ഞു. ഇതിന് പിറകെയാണ് മോഷണം അരങ്ങേറിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹംസയുടെ സഹോദരന്‍ സലീം അമ്പലവയല്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ബിജു ജോണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് അന്വേഷണം തുടങ്ങി. ആറ് മാസങ്ങള്‍ക്ക് മുമ്പ് കടുവാക്കുഴിയില്‍ വ്യാപകമായി ചന്ദനമരം മുറിച്ച കടത്തപ്പെട്ടിരുന്നു.
കടുവാക്കുഴി സ്വദേശിയായ ഒരാളെ പൊലീസ് ചന്ദനമോഷണവുമായി ബന്ധപ്പെട്ട് പിടികുടിയിരുന്നു. അതിന് മുന്ന് നെല്ലാറച്ചാലില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഉള്‍പ്പെടെ മൂന്നോളം പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടില്‍ പതിവായി ചന്ദനമോഷണം നടക്കുന്ന മേഖലയായി മാറുകയാണ് അമ്പലവയല്‍.
ഇതേ തുടര്‍ന്ന് വനം റെവന്യു പൊലീസ് വകുപ്പുകള്‍ ചേര്‍ന്ന് അമ്പലവയലിലെ റെവന്യു വനം സ്വകാര്യ സ്ഥലങ്ങളിലുള്ള ചന്ദനമരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടിയില്ല. കോഴിക്കോട് ജില്ലയിലുള്ള ചന്ദനമാഫിയയാണ് വയനാട്ടിലെ മോഷണങ്ങള്‍ക്ക് പിറകിലെന്നാണ് കരുതപ്പെടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മുട്ടില്‍ വിവേകാനന്ദ ഹോസ്പിറ്റല്‍ പരിസരത്ത് നിന്ന് ചന്ദനം മുറിച്ച് കാറില്‍ കടത്തുന്നതിനിടെ കൊടുവള്ളി സ്വദേശികള്‍ പിടിയിലായിരുന്നു

Latest