Connect with us

Wayanad

കോര്‍പറേറ്റുകളാണ് ബി ജെ പിയുടെ കണ്ണിലെ ഹിന്ദുക്കളെന്ന് കോടിയേരി

Published

|

Last Updated

കല്‍പ്പറ്റ: കോര്‍പ്പറേറ്റുകളാണ് ബിജെപിയുടെ കണ്ണിലെ ഹിന്ദുക്കളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാനന്തവാടി,ബത്തേരി പുല്‍പ്പള്ളി എന്നിവടങ്ങളില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹിന്ദുവിന്റെ ഏറ്റവും വലിയ ശത്രുവായി ആര്‍ എസ് എസ് മാറുകയാണെന്ന് കോടിയേരി പറഞ്ഞു.
രാജ്യത്ത് ഹിന്ദുകോര്‍പ്പറേറ്റ്‌വല്‍ക്കരണമാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സവര്‍ണ്ണര്‍ക്ക് വേണ്ടി ദളിതരുടെ സംവരണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ക്കും സംരക്ഷണമില്ലാതായി. രണ്ടര വയസ്സുകാരിയെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത ബിജെപിയാണോ രാജ്യത്തെ സംരക്ഷിക്കുകയെന്നും കോടിയേരി ചോദിച്ചു. എഴുത്തുകാരെയും സാംസ്‌കാരിക നായകന്‍മാരെയും ഉന്‍മൂലനം ചെയ്യാനാണ് ആര്‍എസ്എസ് ശ്രമം. അഞ്ച് വര്‍ഷം കൊണ്ട് അഴിമതിയില്‍ കോണ്‍ഗ്രസ് ബിരുദമെടുത്തെങ്കില്‍ ബിജെപി ഒരു വര്‍ഷം കൊണ്ട് ബിരുദാനന്തരബിരുദമെടുത്തു. ജാതി സംഘടനകളെ കൂട്ടുപിടിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ ബിജെപി നടത്തുന്നത്. ഇത് വിലപ്പോകില്ല. കോടിയേരി പറഞ്ഞു.
മാനന്തവാടിയില്‍ വികെ ശശിധരനും, ബത്തേരിയില്‍ എ ഭാസ്‌കരനും പുല്‍പ്പള്ളിയില്‍ പിഎസ് വിശ്വംഭരനും അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, എം പി അനില്‍കുമാര്‍, എം പത്മനാഭന്‍, പി കൃഷ്ണപ്രസാദ്, പി എസ് വിശ്വംഭരന്‍, സി ഭാസ്‌കരന്‍, അനില്‍ സി കുമാര്‍ കെ എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു. ഇടതുു പക്ഷം കേരളത്തിലില്ലായിരുന്നെങ്കില്‍ കേരളം മറ്റൊരു ഗുജറാത്തായി മാറുമായിരുന്നു. ശക്തമായ ഇടത് പ്രതിരോധമാണ് ബി ജെ പിയെ കേരളത്തില്‍ തളച്ചത്. കല്‍പ്പറ്റയില്‍ പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest