Connect with us

Malappuram

ആര്യാടനെതിരെ വാര്‍ത്താസമ്മേളനം; ഡി സി സി അംഗത്തെ പുറത്താക്കി

Published

|

Last Updated

മലപ്പുറം: മന്ത്രി ആര്യാന്‍ മുഹമ്മദിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ഡി സി സി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് തീരുമാനമെടുക്കുന്നുവെന്ന ആരോപണവുമായി മലപ്പുറം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഡി സി സി അംഗവും കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി പതിനേഴാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ കെ എ മൊയ്തീന്‍ കുട്ടിയെയാണ് പുറത്താക്കിയത്.
മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. കൊണ്ടോട്ടിയില്‍ സി പി എമ്മുമായി ചേര്‍ന്ന് മത്സരിക്കുന്നതിനാല്‍ കൊണ്ടോട്ടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ ഡി സി സി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതേ കമ്മിറ്റിയുടെ കണ്‍വീനര്‍ പതിനേഴാം വാര്‍ഡില്‍ എല്‍ ഡി എഫുമായി ചേര്‍ന്നാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി പി എം പ്രവര്‍ത്തകനാണ്. മറ്റൊരു വാര്‍ഡിലെ സി പി എം സ്ഥാനാര്‍ഥിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നേതൃ തീരുമാനത്തിന് വിരുദ്ധമായി സി പി എമ്മുമായി ചേര്‍ന്നുള്ള യോ ജിപ്പിന് കാരണം മന്ത്രി ആര്യാടന്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മൊയ്തീന്‍കുട്ടിയുടെ സഹോദരനും മുന്‍ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ എ ആലിക്കുട്ടി, യൂനിറ്റ് പ്രസിഡന്റ് ടി കെ വേലായുധന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് ജലീല്‍, കെ കെ വീരാന്‍കുട്ടി സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തിന് ശേഷം ഇയാളെ പുറത്താക്കിയതായുള്ള ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിയുടെ അറിയിപ്പ് പത്ര ഓഫീസുകളില്‍ എത്തിക്കുകയായിരുന്നു.