വിദ്യാര്‍ഥികളെ ഉപയോഗിച്ച് പിടിച്ചുപറി: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: October 24, 2015 9:58 am | Last updated: October 24, 2015 at 9:58 am
SHARE

മഞ്ചേരി: വിദ്യാര്‍ഥികളെ ഉപയോഗിച്ച് വഴിയാത്രികരെ പിടിച്ചു പറിക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്തതിന് മൂന്ന് പേരെ മഞ്ചേരി എസ് ഐ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു.
പാലക്കാട് ഒലവക്കോട് കല്ലേകുളങ്ങര റെയില്‍വെ കോളനി അയ്യപ്പക്ഷേത്രത്തിനു സമീപം താമസിക്കുന്ന മധു (25)വിനെയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെയുമാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോഴിക്കോട് റോഡില്‍ പട്രോളിംഗിനിടയിലാണ് മോഷ്ടിച്ച ബൈക്കില്‍ വരികയായിരുന്ന മൂവരും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെ ചെന്നൈ, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നിരവധി പിടിച്ചുപറി, വാഹന മോഷണ കേസുകള്‍ക്ക് തുമ്പായി.
പിടിയിലായപ്പോള്‍ ഉപയോഗിച്ചിരുന്ന പള്‍സര്‍ ബൈക്ക് 2015 ജൂലൈ അഞ്ചിന് ചെന്നൈയിലെ രാജീവ്ഗാന്ധി ജനറല്‍ ആശുപത്രിക്ക് സമീപത്തു നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ആനക്കയത്തു വെച്ച് ജൂലൈ 13ന് വീട്ടമ്മയുടെ വാനിറ്റി ബാഗ് പിടിച്ചു പറിച്ചത് ഈ സംഘമാണെന്ന് തെളിഞ്ഞു.
ബൈക്കില്‍ മലപ്പുറത്തേക്ക് പോകുകയായിരുന്ന വിളക്കുമഠത്തില്‍ റിയാസിനെയും ഭാര്യയെയും പിന്തുടര്‍ന്നാണ് കവര്‍ച്ച നടത്തിയത്. രണ്ടു മൊബൈല്‍ ഫോണുകളും 5000 രൂപയുമാണ് ഇവര്‍ക്ക് ഈ പിടിച്ചുപറിയില്‍ ലഭിച്ചത്. മെയ് 23ന് പാലക്കാട് അശ്വിനി ആശുപത്രി പരിസരത്തു നിന്നും ആലുംപറ്റ രവീന്ദ്രന്റെ പാഷന്‍പ്ലസ് ബൈക്ക്, തൃശൂര്‍ കാളംതോട് തുണിക്കടയില്‍ നിന്ന് ലാപ്‌ടോപ്പ്, പാലക്കാട് പത്തിരിപ്പാലയിലെ കടയില്‍ നിന്ന് ടാബ്‌ലെറ്റ്, പാലക്കാട് സുല്‍ത്താന്‍പേട്ട് ജംഗ്ഷനില്‍ ശ്രീകാര്‍ത്തികയില്‍ എം എസ് അരുണിന്റെ ബൈക്ക്, മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് വഴിയാത്രികയുടെയും, പുത്തൂര്‍ പെരിങ്ങോട് ബേങ്കില്‍ നിന്നുമിറങ്ങിയ യുവതിയുടെ ബാഗ്, വടക്കും തറയില്‍ നിന്നും നിര്‍ത്തിയിട്ട വണ്ടിയില്‍ നിന്നും 20,000 രൂപ എന്നിവ കവര്‍ന്നത് ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here