അരീക്കര കുന്നില്‍ ബി എസ് എഫ് ജവാന്‍ ബാരക്‌സിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

Posted on: October 24, 2015 9:57 am | Last updated: October 24, 2015 at 9:57 am
SHARE

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ അരീക്കര കുന്നില്‍ ബി എസ് എഫ് ജവാന്‍ ബാരക്‌സിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്.
പണി പൂര്‍ത്തിയാകുന്നതോടെ 1500 ബി എസ് എഫ് ജവാന്‍മാരുടെ കേന്ദ്രമായി ഇത് മാറും. ഇപ്പോള്‍ 137 അംഗങ്ങളാണിവിടെയുള്ളത്.
100 കോടി രൂപയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമുള്ളത്. ഇതില്‍ 50 കോടിയാണ് ഇതിനകം അനുവദിച്ചത്. ഷോപ്പിംഗ് കോംപ്ലക്‌സ്, ആയുധപ്പുര, മോട്ടോര്‍ ഗാരേജ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. 155 ക്വാര്‍ട്ടേഴ്‌സുകള്‍, ടൈപ്പ് രണ്ട് ജവാന്‍ ഫാമിലി ക്വാര്‍ട്ടേഴ്‌സുകള്‍, ടൈപ്പ് മൂന്ന് ഇന്‍സ്പക്ടര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ മിനുക്ക് പണികളും പ്രധാന കവാടം, ചുറ്റു മതില്‍ എന്നിവയുടെ പ്രവൃത്തിയും ബാക്കിയുണ്ട്. സെന്‍ട്രല്‍ സ്‌കൂള്‍, ആശുപത്രി എന്നിവയുടെ പണി തുടങ്ങേണ്ടതുണ്ട്. ശുദ്ധജലത്തിനായി കിണര്‍ കുഴിച്ചിട്ടുണ്ട്. വൈദ്യുതിയും മോട്ടോറും എത്തണം. ബാരക്കിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നുണ്ടാകുന്ന മലിന ജലം ശുദ്ധീകരിച്ച് ഉപയോഗ പ്രദമാക്കാനുള്ള പ്രാന്റിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ബി എസ് എഫ്, ഡി ജി പി അടുത്ത മാസത്തോടെ അരീക്കര കുന്നിലെത്തി ജോലി വിലയിരുത്താനെത്തിയേക്കും.