മുഹമ്മദ് നജീബ് മടങ്ങുന്നു; കുരുന്നുകള്‍ക്ക് വിദ്യ നല്‍കിയ സംതൃപ്തിയോടെ

Posted on: October 23, 2015 4:11 pm | Last updated: October 23, 2015 at 4:11 pm
SHARE

ഷാര്‍ജ: രണ്ടു പതിറ്റാണ്ടിലേറെ കാലം പ്രവാസലോകത്തെ കുരുന്നുകള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കിയ സംതൃപ്തിയുമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവന്‍ മുഹമ്മദ് നജീബ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.
1986ലാണ് തിരുവനന്തപുരം കണിയാപുരം കണ്ടല്‍ സ്വദേശിയായ മുഹമ്മദ് നജീബ് ഷാര്‍ജയിലെത്തിയത്. രണ്ടുവര്‍ഷത്തോളം അബുദാബിയിലെ വിവിധ കമ്പനികളില്‍ ഉന്നത തസ്തികകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 1988ലാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. 2006 മുതല്‍ ആറു മുതല്‍ 12 വരെ ക്ലാസുകളുടെ സൂപ്പര്‍വൈസറായിരുന്നു. തുടര്‍ന്നാണ് ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവനായി നിയമിതനായത്.
എം എ ബിരുദധാരിയായ മുഹമ്മദ് നജീബ് തിരുവനന്തപുരത്ത് സ ര്‍ക്കാര്‍ സര്‍വീസിലിരക്കെയാണ് സുഹൃത്തിന്റെ പ്രേരണയെ തുടര്‍ന്ന് അവധിയെടുത്ത് ഗള്‍ഫിലേക്ക് വന്നത്.
ചെന്നൈ വാണിയമ്പാടി ഇസ്‌ലാമിക് കോളജില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചു. പിതാവ് അസൈനാര്‍ പിള്ളൈയുടെ നിര്യാണത്തെ തുടര്‍ന്ന് ജോലി രാജിവെച്ച് സ്വദേശത്തേക്ക് മടങ്ങിയ അദ്ദേഹം തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെയും അസിസ്റ്റന്റ് കമ്മീഷ്ണറുടെയും ഓഫീസുകളില്‍ സേവനമനുഷ്ഠിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ ഇമാം ഗസ്സാലിയുടെ സൂഫിസത്തെ കുറിച്ച് ഗവേഷണം നടത്തിയിരുന്ന അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റി, മുംബൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. ആള്‍ ഇന്ത്യാ ഫിലോസഫേര്‍സ് അസോസിയേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരാസൈക്കോളജി, സൂഫിസം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയ മുഹമ്മദ് നജീബ് സി എച്ച് മുഹമ്മദ്‌കോയയുടെ പ്രസംഗങ്ങള്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖദീജ ബീവിയാണ് മാതാവ്. ഭാര്യ: നിഷ.

LEAVE A REPLY

Please enter your comment!
Please enter your name here