പറന്നുവന്നു വിളമ്പുന്ന വെയ്‌റ്റേഴ്‌സ് ‘ഫഌആപ്’ പുറത്തിറക്കി

Posted on: October 23, 2015 4:08 pm | Last updated: October 23, 2015 at 4:08 pm
ജൈറ്റക്‌സ് സാങ്കേതിക മേളയില്‍ അവതരിപ്പിച്ച ഭക്ഷണം  വിളമ്പുന്ന ഡ്രോണ്‍ റോബോട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍. സൈബര്‍ പാര്‍ക്ക് സി ഇ ഒ. ആര്‍ അജിത് കുമാറും ഫ്‌ളൂഅപ് സി ഇ ഒ. അലിറിസ അബ്ദുല്‍ ഗഫൂറും
ജൈറ്റക്‌സ് സാങ്കേതിക മേളയില്‍ അവതരിപ്പിച്ച ഭക്ഷണം
വിളമ്പുന്ന ഡ്രോണ്‍ റോബോട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍. സൈബര്‍ പാര്‍ക്ക് സി ഇ ഒ. ആര്‍ അജിത് കുമാറും ഫ്‌ളൂഅപ് സി ഇ ഒ. അലിറിസ അബ്ദുല്‍ ഗഫൂറും

ദുബൈ: ‘പറന്നുവന്ന് ഭക്ഷണം വിളമ്പുന്ന വെയിറ്റര്‍’ പദ്ധതി കോഴിക്കോട്ടുനിന്നുള്ള ഫഌ അപ് എന്ന തുടക്കക്കമ്പനി ജൈടെക്‌സ് സാങ്കേതിക മേളയില്‍ അവതരിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റുകളില്‍ എത്തുന്നവര്‍ ഡിജിറ്റല്‍ മെനുവില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഭക്ഷണം ട്രേയില്‍ പറന്നുവന്ന് വിതരണം ചെയ്യുന്ന ജി പി എസ് നിയന്ത്രിത ഡ്രോണ്‍ റോബോട്ടാണ് ഫഌ അപ് കമ്പനി ഗള്‍ഫ്, ഇന്ത്യന്‍ വിപണികള്‍ക്കുവേണ്ടി പുറത്തിറക്കിയത്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു റോബോട്ട് പദ്ധതി അവതരിപ്പിക്കപ്പെടുന്നത്.
1.50 കിലോ മുതല്‍ ഭാരം താങ്ങാന്‍ ‘ഫ്‌ളൈയിംഗ് ഡ്രോണ്‍ റോബോട്ടി’ന് കഴിയുമെന്ന് ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ച ഫ്‌ളൂഅപ് ടെക്‌നോളജീസ് സി ഇ ഒ. അലിറിസ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കാന്‍ റെസ്റ്റോറന്റുകളുടെ ഘടനക്കനുസരിച്ച് റോബോട്ടുകള്‍ പറക്കുന്ന റൂട്ടുകള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടേണ്ടതുണ്ട്. അതിനനുസരിച്ച് സെന്‍സറുകള്‍ ചിട്ടപ്പെടുത്തും. ജി പി എസ് സംവിധാനത്തിലൂടെ സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ച് നിയന്ത്രണം സാധ്യമാക്കപ്പെടുകയും ചെയ്യും. ജീവനക്കാര്‍ക്ക് ഇതിനുള്ള പ്രത്യേക പരിശീലനം കമ്പനി നല്‍കും. മുഴുവനായും ഓട്ടോമേറ്റഡ് ചെയ്ത ഫഌയിംഗ് റോബോട്ട് വെയ്റ്റര്‍ സംവിധാനവും ഉടന്‍ പുറത്തിറക്കും.
ആഗോള വിപണിയില്‍ ഡ്രോണ്‍ റോബോട്ട് സാധ്യതകള്‍ വിപുലമായി ഉപയോഗിക്കപ്പെടുന്നതിലൂടെ കേരള ഐ ടിക്ക് അഭിനന്ദനാര്‍ഹമായ നേട്ടമാണ് അലി റിസയുടെ കമ്പനി നല്‍കുന്നതെന്ന് സൈബര്‍പാര്‍ക്ക് സി ഇ ഒ. ആര്‍ അജിത് കുമാര്‍ പറഞ്ഞു. യു എ ഇ സര്‍ക്കാരിന്റെ ഡ്രോണ്‍ ഫോര്‍ ഗുഡ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഫഌ അപ് കമ്പനി.