ശക്തി കുറഞ്ഞ വിമാനങ്ങള്‍ സര്‍വീസിന് ഇറക്കുന്നുവെന്ന്

Posted on: October 22, 2015 1:24 pm | Last updated: October 22, 2015 at 1:24 pm
SHARE

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ഷാര്‍ജ, ദുബായ് റൂട്ടുകളില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന 321 ഇനത്തില്‍പെട്ട വിമാനങ്ങള്‍ പിന്‍വലിച്ച് പകരം ശക്തി കുറഞ്ഞ 320 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ സര്‍വീസിനായി വിട്ടുകൊടുക്കാന്‍ എയര്‍ ഇന്ത്യ നീക്കം നടത്തുന്നതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ മേഖലയില്‍ നിന്നും ഗള്‍ഫിലേക്കുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്. 320 വിമാനം സര്‍വീസിനായി വിട്ടുകൊടുക്കുന്നതോടെ യു എ ഇയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ തോത് 20 ശതമാനമായി കുറയും. നിലവിലുള്ള വിമാനങ്ങളില്‍ ദിവസേന 10 ടണ്ണോളം പച്ചക്കറികള്‍ കയറ്റി അയക്കുന്നുണ്ട്. 320 വിമാനം വരുന്നതോടെ രണ്ട് ടണ്‍ പച്ചക്കറി പോലും കയറ്റി അയക്കാനാവില്ല. 321 വിമാനത്തിന്റെ സര്‍വീസ് പിന്‍വലിക്കുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള ഗള്‍ഫിലേക്കുള്ള കയറ്റുമതി പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് രംഗത്തിറങ്ങണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എം ബഷീര്‍, കണ്‍വീനര്‍ റഫീഖ് ഏറോത്ത്, പി എ ഹംസ, അബ്ദുറഹ്മാന്‍ എടക്കുനി, സന്തോഷ് കായക്കൊടി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here