സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചിത മാതൃകയില്‍ സൂക്ഷിക്കണം: ജില്ലാ കലക്ടര്‍

Posted on: October 22, 2015 10:55 am | Last updated: October 22, 2015 at 10:55 am
SHARE

കല്‍പ്പറ്റ: സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ സൂക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രചാരണത്തിന് കൈപ്പുസ്തകം,നോട്ടീസ്,പോസ്റ്റര്‍ എന്നിവ അച്ചടിക്കുമ്പോള്‍ പ്രസ്സിന്റെ പേരും സ്ഥലവും അച്ചടിക്കുന്ന കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം.
വോട്ടര്‍മാര്‍ക്ക് മദ്യമോ മറ്റെന്തെങ്കിലും ഉപഹാരങ്ങളോ നല്‍കി സ്വാധീനിക്കാന്‍ പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍തിരഞ്ഞെടുപ്പ് വിഭാഗത്തിലോ എക്‌സൈസിലോ പോലീസിലോ പരാതിപ്പെടണം. ഓരോ ദിവസത്തെയും ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ഏജന്റിന്റെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സൂക്ഷിക്കണം.
പ്രചാരണ വാഹനത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ നല്‍കുന്ന ഇലക്ഷന്‍ പാസ്സ്, പോലീസിന്റെ മൈക്ക് പെര്‍മിറ്റ് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ്, ബാഡ്ജ്, ആര്‍.സി തുടങ്ങിയ രേഖകളും ഉണ്ടായിരിക്കണം. സ്റ്റേജ് കെട്ടിയുള്ള പൊതുപരിപാടികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും പോലീസിന്റെ പ്രത്യേക അനുമതി വാങ്ങണം. വാഹന പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ വാഹനം ഉപയോഗിക്കുന്ന തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. പെര്‍മിറ്റ് നല്‍കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബാനര്‍, ഫഌക്‌സ്, നോട്ടീസ് തുടങ്ങിയ പ്രചരണ സാമഗ്രികളുടെ എണ്ണം, ചെലവ്, സ്ഥാപിച്ച സ്ഥലങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കണം. ഇവ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടതാണെങ്കിലും സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് ചെലവ് ക്രമീകരണം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റ്മാര്‍ക്കും ഒക്‌ടോബര്‍ 26 ന് വൈകീട്ട് മൂന്നിന് കളക്ടറേറ്റില്‍ പരിശീലനം നല്‍കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്കും ചീഫ് ഏജന്റുമാര്‍ക്കും ഒക്‌ടോബര്‍ 30 ന് കളക്ടറേറ്റില്‍ പരിശീലനം നല്‍കും.
ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ അടല്‍ അരശന്‍, ചെലവ് നിരീക്ഷകരായ കെ കെ ശശിധരന്‍, റംലാ ബീവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ കെ വിജയന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here