പുല്‍പ്പള്ളിയിലും യു ഡി എഫ് വിമതശല്യം അവസാനിക്കുന്നു

Posted on: October 22, 2015 10:53 am | Last updated: October 22, 2015 at 10:53 am

പുല്‍പ്പള്ളി: ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരരംഗത്തെത്തിയ പലരും പിന്മാറിയതോടെ പുല്‍പ്പള്ളിയിലും വിമതരുടെ ശല്യം അവസാനിക്കുന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മത്സരിക്കാനെത്തിയവര്‍ കഴിഞ്ഞ ദിവസം നോമിനേഷന്‍ പിന്‍വലിക്കുകയും മത്സരരംഗത്തുനിന്നും പിന്മാറുകയും ചെയ്തതോടെയാണ് യുഡിഎഫില്‍ വിമതരുടെ ശല്യം അവസാനിച്ചത്.
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ആച്ചനഹള്ളിയിലെ ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സണ്ണിതോമസാണ്. എന്നാലിവിടെ സണ്ണിതോമസിന് റിബലായി യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിരുന്നു. പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിത്യം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ജോഷി മത്സരരംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോഷി മത്സരരംഗത്തുനിന്നും പിന്മാറി.
പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കുറുവയില്‍ പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥി മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വി എം പൗലോസാണ്. എന്നാലിവിടെ മുന്‍ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സാബു കെ മാത്യുവും നോമിനേഷന്‍ നല്‍കിയിരുന്നു. അതുപോലെ പഞ്ചായത്തിലെ പനമരം ബ്ലോക്ക് ഡിവിഷനായ ആനപ്പാറയില്‍നിന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അഡ്വ. പി ഡി സജിക്കെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ കെ എല്‍ ജോണിയും നോമിനേഷന്‍ നല്‍കിയിരുന്നു. പനമരം ബ്ലോക്കിലെ കേണിച്ചിറ ഡിവിഷനിലേക്ക് മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ കെ വിശ്വനാഥനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം എല്‍ദോസും മത്സരരംഗത്തെത്തിയിരുന്നു. എന്നാലിവരെല്ലാം കഴിഞ്ഞ ദിവസം മത്സരരംഗത്ത് നിന്നും പിന്മാറുകയും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇനി പുല്‍പ്പള്ളി പഞ്ചായത്തിലെ മീനംകൊല്ലിയില്‍ മത്സരിക്കുന്ന പി എന്‍ ശിവന്‍മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിമതനായി മത്സരരംഗത്തുള്ളത്. ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റാണ് എ ഗ്രൂപ്പ്കാരനായ പി എന്‍ ശിവന്‍. കോണ്‍ഗ്രസിലെ പി എം. ജോര്‍ജാണ് ഇവിടെ യു ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഭൂരിപക്ഷം വിമതരും മത്സരരംഗത്തുനിന്നും പിന്മാറിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വം.