പെരുമാറ്റചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി

Posted on: October 22, 2015 10:53 am | Last updated: October 22, 2015 at 10:53 am
SHARE

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പെരുമാറ്റചട്ടം ലംഘിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് ആദിവാസി കോളനികളിലോ മറ്റ് പ്രദേശങ്ങളിലോ മദ്യം, പണം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകും. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വോട്ട് നേടാനുള്ള ശ്രമങ്ങള്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു. പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കണം. വോട്ട് ചെയ്യുന്ന രീതി മനസ്സിലാക്കി കൊടുക്കുന്നതിന് ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വോട്ട് ചെയ്യുന്ന രീതിയും പരിചയപ്പെടുത്തുന്നതിന് പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതു സ്ഥലങ്ങളിലും റോഡുകളിലും വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഫഌക്‌സുകള്‍ എന്നിവ സ്ഥാപിക്കുകയോ എഴുതുകയോ ചെയ്യരുത്. പൊതു സ്ഥലങ്ങളിലെ മരങ്ങളില്‍ ആണി അടിച്ചോ അല്ലാതെയോ ബോര്‍ഡുകളും മറ്റ് പ്രചരണ സാമഗ്രികളും സ്ഥാപിച്ചാല്‍ നടപടിയുണ്ടാകും. നിശ്ചിത മാതൃകയില്‍ സ്ഥാനാര്‍ത്ഥികള്‍ വരവ്‌ചെലവ് കണക്കുകള്‍ സൂക്ഷിക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാരോ മറ്റ് വ്യക്തികളോ സ്ഥാപനങ്ങളോ ചെലവഴിക്കുന്ന തുകയും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തും. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഒഴിവാക്കി ‘ഗ്രീന്‍ ഇലക്ഷന്‍’ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here