ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും

Posted on: October 22, 2015 12:08 am | Last updated: October 22, 2015 at 12:08 am

jacob thomasതിരുവനന്തപുരം: സ്ഥലം മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പരസ്യപ്രതികരണത്തിന്മേല്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചത്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ജേക്കബ് തോമസ് ഐ പി എസ് ഉദ്യോസ്ഥരുടെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ചുമതലപ്പെടുത്തി.
എന്നാല്‍ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് വ്യക്തമായ പരാതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്ന രേഖയും ഇന്നലെ പുറത്തു വന്നു. വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി വി എന്‍ രാധാകൃഷ്ണന്‍ നല്‍കിയ മറുപടിയിലാണ് ജേക്കബ് തോമസിനെതിരെ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് തലപ്പത്തു നിന്ന് മാറ്റിയതെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും മുഖ്യമന്ത്രിക്കു വാക്കാല്‍ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തില്‍ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ജേക്കബ് തോമസ് ഐ പി എസിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതെന്നാണു വിവരാവകാശ പ്രകാരം ലഭിച്ച ഔദ്യോഗിക മറുപടി.
അഗ്‌നിശമനസേനാ മേധാവിയായിരിക്കെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അനാവശ്യ സര്‍ക്കുലറുകളൊന്നും ഇറക്കിയിട്ടില്ലെന്നും കഴിഞ്ഞദിവസം ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫഌറ്റുകള്‍ക്ക് മാത്രമല്ല ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് തന്റെ ചുമതലയായിരുന്നു. സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ എടുക്കുന്നതിനു മുമ്പേ സ്ഥാനമാറ്റമുണ്ടായെന്നുമാണ് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. ചട്ടം ലംഘിച്ചു സംസ്ഥാനത്തു നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്.
കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പറേഷന്‍ (കെ പി എച്ച് സി സി) എം ഡിയായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ജേക്കബ് തോമസ് ചുമതലയേറ്റത്. ഇവിടേക്ക് സ്ഥലം മാറ്റിയപ്പോള്‍ അദ്ദേഹത്തിന് എം ഡി പദവി മാത്രം നല്‍കി വീണ്ടും തരംതാഴ്ത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ജേക്കബ് തോമസിന്റെ പ്രവര്‍ത്തികളില്‍ സര്‍ക്കാരിനു കടുത്ത അതൃപ്തിയുണ്ട്.
ഇക്കാര്യം എക്‌സൈസ് മന്ത്രി കെ ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥന്‍മാര്‍ സര്‍ക്കാര്‍ നയങ്ങളാണു നടപ്പാക്കേണ്ടതെന്നു മന്ത്രി പരസ്യമായി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ജേക്കബ് തോമസിനോടു സര്‍ക്കാര്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചത്.