അക്രമങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നുവെന്ന് രാജ്‌നാഥ് സിംഗ്

Posted on: October 22, 2015 12:04 am | Last updated: October 22, 2015 at 12:04 am
SHARE

rajnath singhന്യൂഡല്‍ഹി: ഗോവധമുള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്നുവരുന്ന അസഹിഷ്ണുതാപരമായ പ്രതിഷേധങ്ങളില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആശങ്ക പ്രകടിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് മേല്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ ജാതിമത പരിഗണനകള്‍ക്കപ്പുറം ഒരു കുടുംബം പോലെ കഴിയേണ്ടവരാണ്. ഇതിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നും അനുവദിക്കാനാകില്ല. ജാതി വൈരത്തിന്റെ പേരില്‍ ഹരിയാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ കിരാത അക്രമം ദൗര്‍ഭാഗ്യകരമാണ്. ഇത് സംബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.
അത് പോലെ പഞ്ചാബിലെ അക്രമങ്ങളെയും ആഭ്യന്തരമന്ത്രി അപലപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here