‘ക്ലോക്ക്’ അഹ്മദും കുടുംബവും ഖത്തറിലേക്ക്

Posted on: October 22, 2015 5:01 am | Last updated: October 21, 2015 at 11:04 pm
SHARE

clock ahammedവാഷിംഗ്ടണ്‍: വീട്ടില്‍വെച്ച് നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയപ്പോള്‍ അറസ്റ്റിലായ അഹ്മദ് മുഹമ്മദ് തുടര്‍പഠനത്തിനായി ഖത്തറിലേക്ക്. അഹ്മദ് മുഹമ്മദിന് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് ഖത്തര്‍ അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് പഠനം ഇനി മുതല്‍ ഖത്തറിലാക്കാന്‍ തീരുമാനമായത്. അഹ്മദിനോടൊപ്പം കുടുംബവും മൊത്തം ഖത്തറിലേക്ക് താമസം മാറ്റുമെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ മാസം ആദ്യത്തില്‍ അഹ്മദ് ഖത്തര്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. സുഡാന്‍ പ്രസിഡന്റ് ഉമര്‍അല്‍ബശീറിനെയും അഹ്മദ് സന്ദര്‍ശിച്ചിരുന്നു.
ബോംബാണെന്ന് ആരോപിച്ച് മുഹമ്മദിനെ അറസ്റ്റ് ചെയ്ത നടപടി അമേരിക്കക്ക് വന്‍ നാണക്കേടുണ്ടാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് അഹ്മദ് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെത്തിയിരുന്നു. മറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ യാത്രികര്‍ക്കുമൊപ്പമാണ് അഹ്മദ് മുഹമ്മദ് ഇന്നലെ വൈറ്റ് ഹൗസിലെ ജ്യോതിശാസ്ത്ര രാവില്‍ പങ്കെടുത്തത്. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആ സ്‌കൂളിളെ പഠനം അഹ്മദ് മുഹമ്മദ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
അധ്യാപകരില്‍ നിന്ന് അഭിന്ദനം നേടുകയെന്ന ഉദ്ദേശ്യത്തോടെ സ്വയം നിര്‍മിച്ച ക്ലോക്കുമായി ടെക്‌സാസിലെ സ്‌കൂളിലെത്തിയ മുഹമ്മദിനെ സംശയത്തിന്റെ പേരില്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. ശാസ്ത്രകുതുകിയായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ മുസ്‌ലിം പേടിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.