Connect with us

Articles

ഇതിലും ഭേദം ആ ക്രൂരമായ മൗനം തന്നെയായിരുന്നു

Published

|

Last Updated

“ഹിന്ദുക്കളും മുസ്‌ലിംകളും പോരടിക്കുകയല്ല, ദാരിദ്ര്യത്തിനെതിരെ പൊരുതുകയാണ് വേണ്ടത്” എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനത്തിന് പിന്നില്‍ ആഴത്തിലുള്ളൊരു രാഷ്ട്രീയമുണ്ട്. ഇന്ത്യയില്‍ എത്രയോ കാലമായി മാധ്യമങ്ങളും അതുപോലെ ധൈഷണികരിലൊരു വിഭാഗവും വികസിപ്പിച്ചെടുത്ത ഒരു സമവാക്യ സിദ്ധാന്തമുണ്ട്. എവിടെ എന്ത് കലാപം നടന്നാലും എന്തക്രമം നടന്നാലും ആ കലാപത്തെ അപലപിക്കാന്‍ നിര്‍ബന്ധിതനായി കഴിഞ്ഞാല്‍ തങ്ങളുടെ പങ്ക് മറച്ചുവെക്കാന്‍ വേണ്ടി ഇതില്‍ എല്ലാവര്‍ക്കും പങ്കുണ്ട് എന്ന് വരുത്തി തീര്‍ക്കുക. ഇത് ഒരു അധികാര തന്ത്രമാണ്. ആ തന്ത്രം ആവര്‍ത്തിക്കുകയാണ് മോദി ചെയ്തത്. അതിനെക്കാള്‍ നന്നായിരുന്നത് ആ ക്രൂരമായ മൗനം തന്നെയായിരുന്നു. പശുവിനെ ഇന്ത്യയില്‍ പുണ്യമൃഗമാക്കിയത് കൃത്രിമമായിട്ടാണ്. സവര്‍ണ ഹിന്ദു മതവും ബുദ്ധമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബുദ്ധ മതത്തെ കീഴ്‌പെടുത്താനുള്ള ഒരു അടവ് തന്ത്രമെന്ന അര്‍ഥത്തിലാണ് സമ്പൂര്‍ണ ഗോവധ നിരോധം എന്ന ആശയം സത്യത്തില്‍ രൂപപ്പെട്ട് വരുന്നത്. വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതൊക്കെ പരിശോധിച്ചാല്‍ അതിലൊന്നും ഗോവധം നിരോധിക്കപ്പെട്ടിട്ടില്ല. സമീപകാലത്ത് വരെ ഗോവധം ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിരുന്നു. 1852ല്‍ ആണ് ദയാനന്ദ സരസ്വതിയുടെ “ഗോ രക്ഷാനി സഭ” വരുന്നത്. ആ ഗോ രക്ഷാനി സഭയാണ് ഗോവധ നിരോധത്തിനെതിരെയുള്ള പ്രചാരണം ഏറ്റെടുക്കുന്നത്. പക്ഷേ, വിവേകാനന്ദനെ പോലുള്ള ഹിന്ദു മത സന്യാസികള്‍ ഗോവധത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഗോ മാംസം തിന്നാത്തവന്‍ ഹിന്ദുവല്ല എന്ന് കൃത്യമായി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. 1900മാണ്ട് ഫെബ്രുവരി രണ്ടിന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഷേക്‌സ്പിയര്‍ ക്ലബില്‍ വെച്ചാണ് വിവേകാനന്ദന്‍ ഇത് പറഞ്ഞത്. ഈ സംവാദത്തിനിടയില്‍ ജനാധിപത്യവാദികള്‍ പലതവണ എടുത്ത് കാണിച്ചതും അഭിപ്രായപ്പെട്ടതുമാണിത്. വിവേകാനന്ദ സാഹിത്യം സര്‍വസ്വം പരിശോധിച്ചാല്‍ മറ്റു സ്ഥലങ്ങൡും ബീഫ് കഴിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പറയുന്നുണ്ട്. രാജാറാം മോഹന്‍ റായ് ബീഫിന് എതിരായിരുന്നില്ല. ഇന്ത്യന്‍ നവോത്ഥാനം പൊതുവില്‍ ഗോവധ നിരോധത്തിന് വേണ്ടി വാദിച്ചിട്ടില്ല. ദയാനന്ദ സരസ്വതിയുടെ ഗോ രക്ഷാനി പ്രസ്ഥാനം മാത്രമാണ് ഇക്കാര്യത്തില്‍ വാദിച്ചത്. ആ പ്രസ്ഥാനം പോലും ഈ പ്രശ്‌നത്തെ അവതരിപ്പിച്ചത് ഇങ്ങനെയാണ്, സത്യാര്‍ഥി പ്രകാശം എന്ന ദയാനന്ദ സരസ്വതിയുടെ പുസ്തകത്തില്‍ പറയുന്നു “ഗോ മാംസ ഭക്ഷകരും മദ്യപാനികളും വിദേശീയരുമായ ആളുകള്‍ എന്ന് ഇന്ത്യയില്‍ വന്ന് അധികാരം തുടങ്ങിയോ അന്ന് ആര്യന്മാരുടെ സങ്കടം വര്‍ധിച്ചു” എന്ന് പറഞ്ഞാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് മുസ്‌ലിംകളും ബ്രിട്ടീഷുകാരും രണ്ടിനേയും ഒന്നായിട്ടാണ് കണ്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തേയും വിവിധ ഘട്ടങ്ങളില്‍ വന്ന വിദേശ ഭരണാധികാരികളേയും ഒരേ രീതിയില്‍ തന്നെയാണ് കാണുന്നത ്. രണ്ടും ഉപയോഗിച്ചിരിക്കുന്നത് “മാംസഭക്ഷകരും മദ്യപന്‍മാരും ആയ ആളുകള്‍” എന്നാണ്. അപ്പോള്‍ മാംസഭക്ഷണത്തേയും മദ്യപാനത്തേയും ഒരേപോലെ തന്നെയാണ് കണ്ടത്. പക്ഷേ, അത് കൊണ്ട് ആര്യന്മാരുടെ സങ്കടം വര്‍ധിച്ചു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
ഗോവധത്തിനെതിരെ ഏറ്റവും സജീവ നിലപാടുയര്‍ത്തിയ വ്യക്തിത്വമായിരുന്നു മഹാത്മാ ഗാന്ധി. പക്ഷേ, മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായൊരു പ്രയോഗം “ഗോവിനെ രക്ഷിക്കേണ്ടത് തന്നെ, പക്ഷെ അത് നമ്മുടെ സഹോദരനെ കൊന്നിട്ട് വേണോ” എന്നതായിരുന്നു. എന്നാല്‍ അശോക് സിംഗാള്‍ പറഞ്ഞത് പശുവിനെ തിന്നുന്നവന്റെ കഴുത്തരിയണം എന്നാണ്. ദയാനന്ദ സരസ്വതിയുടെയോ മഹാത്മാഗാന്ധിയുടെയോ കാഴ്ച്ചപാടല്ല, മറിച്ച് അശോക് സിംഗാളിന്റെ കാഴ്ച്ചപാടാണ് ഇന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇത് വളരെ അപകടകരമാണ്. 2002ല്‍ ഗുജറാത്തില്‍ കലാപം ഉണ്ടായപ്പോള്‍, എല്ലാ ജനാധിപത്യവാദികളും അതിനെ അപലപിച്ചപ്പോള്‍ ഇതേ അശോക് സിംഗാളാണ് “ഗുജറാത്ത് ഇന്ത്യ ആകെ വ്യാപിപ്പിക്കും” എന്ന് പറഞ്ഞത്. അന്ന് അശോക് സിംഗാള്‍ പറഞ്ഞതാണ് ഇന്നത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്നതും. അതിന്റെ ഒരു ചുവടുവെപ്പു കൂടിയാണ് ബീഫ് നിരോധം. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ കാട്ടാര്‍ പറഞ്ഞത് ബീഫ് കഴിക്കുന്നവര്‍ ഇന്ത്യയില്‍ നില്‍ക്കേണ്ട എന്നാണ്. സൂര്യ നമസ്‌കാരം നടത്താത്ത വര്‍ ഇന്ത്യ വിട്ട് പോകണം, യോഗ നിര്‍വഹിക്കാത്തവര്‍ ഇന്ത്യ വിട്ട് പോകണം, മോദിയെ വിമര്‍ശിക്കുന്നവരുടെ സ്ഥാനം പാക്കിസ്ഥാനിലാണ് എന്നൊക്കെയാണ് സംഘ്പരിവാറിന്റെ എം പി മാരായ സാക്ഷി മഹാരാജ്, യോഗി ആഥിത്യനാഥ് തുടങ്ങിയവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭരണത്തില്‍ വന്നാല്‍ ഇവരുടെ രൂക്ഷത കുറയും എന്നാണ് സാധാരണക്കാര്‍ കരുതിയിരുന്നത്. പക്ഷേ, അങ്ങെനെ അല്ല, ഭരണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങളെ അപഹരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് നരേന്ദ്രമോദിയുടെ ഇടപെടല്‍ എന്ന് പറയുന്നത് തീര്‍ച്ചയായിട്ടും ഇവിടുത്ത ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കുള്ള ഒരു പച്ചക്കൊടി കാണിക്കലാണ്.
കാരണം, ദാദ്രിയില്‍ നടന്നതിനോട് അഡ്വാനി കാണിച്ച ഒരു ഔപചാരിക ഔന്നിത്യം പോലും നരേന്ദ്ര മോദിക്ക് പുലര്‍ത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല സുദീന്ദ്ര കുല്‍ക്കര്‍ണിയുടെ സംഭവം, അതും ഇതിനോട് കൂടെ ചേര്‍ക്കേണ്ടതാണ്. തീവ്ര ഹിന്ദു ശക്തികള്‍ അത്ര തീവ്രമല്ലാത്ത ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരെയും വെറുതെ വിടുന്നില്ല എന്നുള്ളതിന്റെ തെളിവാണ് കുല്‍കര്‍ണി സംഭവം. അതിനെ കുറിച്ച് നരേന്ദ്ര മോദി മൗനം പാലിച്ചു. അഡ്വാനി പറഞ്ഞു ഈ അസഹിഷ്ണുത ഇന്ത്യയെ അപകടത്തിലേക്ക് കൊണ്ട് പോകും. എന്നാല്‍ അഡ്വാനിയുടെ ആ പ്രസ്താവനയോട് പ്രതികരിക്കാന്‍ പോലും നരേന്ദ്ര മോദി തയ്യാറായിട്ടില്ല.
ആരാധിക്കപ്പെടുന്നു എന്നതു കൊണ്ട് മാത്രം മറ്റുള്ളവരുടെ മേല്‍ എന്തെങ്കിലും നിയന്ത്രണം അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല. ആരാധിക്കുന്നവര്‍ക്ക് ആരാധിക്കാനുള്ള എല്ലാ ജനാധിപത്യ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നതല്ലാതെ അതിന് നിയന്ത്രണം ആവശ്യമില്ല. ഉദാഹരണമായിട്ട് മുസ്‌ലിംകള്‍ നോമ്പുകാലത്ത് ഭക്ഷണം കഴിക്കുന്നില്ല എന്നതുകൊണ്ട് എല്ലാ സാമൂഹിക വിഭഗങ്ങളും അവരോട് ഐക്യം പ്രഖ്യാപിക്കാന്‍ വേണ്ടി ഇവിടെ ഭക്ഷണം ഉപേക്ഷിക്കേണ്ട. ശിവരാത്രിക്ക് ഹിന്ദുമത വിശ്വാസികളില്‍ ഒരു വിഭാഗം ഉറക്കം ഒഴിവാക്കുന്നത് കൊണ്ട് അവരോട് ഐക്യം പ്രഖ്യാപിക്കാന്‍ വേണ്ടി മറ്റു സാമൂഹിക വിഭഗങ്ങള്‍ നിര്‍ബന്ധമായി ഉറക്കം ഒഴിവാക്കേണ്ട. സൗഹൃദത്തിന്റെ പേരിലോ, സ്‌നേഹത്തിന്റെ പേരിലോ ഏതെങ്കിലും വ്യക്തികള്‍ ഉറക്കൊഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉറക്കൊഴിയാം. അതവരുടെ തിരഞ്ഞെടുപ്പാണ്. അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് ആരാധനയുടെ ഭാഗമായിട്ട് അന്ന് മാംസം ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ ആ പ്രദേശത്തെ ജനങ്ങള്‍ കൂടിച്ചേര്‍ന്ന് തീരുമാനമെടുത്ത് ഒഴിവാക്കാവുന്നതാണ്. ഇങ്ങനെ ഒരു മസ്സില്‍ പിടുത്തത്തിന്റെയോ നിര്‍ബന്ധത്തിന്റെയോ ആവശ്യം ഇതിലില്ല. അതേ സമയം, സര്‍ക്കാര്‍ നിയമം മൂലം ഇത് നിര്‍വഹിക്കാന്‍ പാടില്ല. ഉദാഹരണമായിട്ട് ജൈനമതത്തിന്റെ ഒരുത്സവ ദിവസം ആരും മാംസം ഉപയോഗിക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ പറയുന്നതും ജൈനമതത്തിന്റെ ഉത്സവം നടക്കുമ്പോള്‍ ഈ പ്രദേശത്ത് രണ്ട് മൂന്ന് ദിവസം തങ്ങളുടെ ആചാരത്തിന്റെ ഭാഗമായിട്ട് മാംസഭക്ഷണം ഉപേക്ഷിച്ചാല്‍ നന്നായിരിക്കും എന്നു ജൈന സമൂഹം പറയുന്നതും മറ്റുള്ളവര്‍ സ്വീകരിക്കുന്നതും പരസ്പരം സഹകരിക്കുന്നതും രണ്ടാണ്. രണ്ടാമത്തേതിനെ ജനാധിപത്യത്തിന് പിന്തുണക്കാവുന്നതാണ്. ഒന്നാമത്തേതിനെ ഒരു വിധത്തിലും പിന്തുണക്കാന്‍ പറ്റില്ല. രണ്ടാമത്തേതിനെ ജനാധിപത്യത്തിന് പിന്തുണക്കാന്‍ കഴിയുമെങ്കില്‍ ഒന്നാമത്തേതിനെ നിര്‍ബന്ധമായും ചെറുത്തു തോല്‍പ്പിക്കാനും കഴിയും. ആ അര്‍ഥത്തിലാണതിനെ കാണേണ്ടത്. മാത്രവുമല്ല, പാമ്പിനെ ആരാധിക്കുന്ന സ്ഥലങ്ങളില്‍ ആരാധിക്കുന്ന ആളെ തന്നെ പാമ്പ് കടിക്കാന്‍ വരികയാെണങ്കില്‍ ജീവന്‍ രക്ഷക്ക് വേണ്ടി പാമ്പിനെ അടിച്ചുകൊല്ലേണ്ടിവരും. കണ്ണൂരില്‍ ഉറുമ്പിനെ “ഉറുമ്പച്ഛാ ഭഗവാനെ” എന്ന് പറഞ്ഞ് ആരാധിക്കുന്ന സ്ഥലമുണ്ട്. എന്ന് കരുതി ഒരാളെ ഉറുമ്പ് കടിക്കുന്നുവെങ്കില്‍ ആ ഉറുമ്പിനെ എടുത്ത് മാറ്റാനോ അടിച്ചു കൊല്ലാനോ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് ആരാധനയെ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ആരാധനക്കും ജനാധിപത്യത്തിനും എതിരാണ്. അതുകൊണ്ട് പശുവിന്റെ മാത്രം പ്രശ്‌നമല്ല ഇത്. ഇന്ന് പശുവിറച്ചി തിന്നണ്ട എന്ന സര്‍ക്കാര്‍ ഉത്തരവിന് താഴെ ജനത ഒപ്പു വെച്ച് കൊടുത്താല്‍ നാളെ നിങ്ങള്‍ ഇന്നത് തിന്നണം എന്നും സര്‍ക്കാര്‍ പറയാന്‍ സാധ്യതയുണ്ട്. അപ്പോഴും അത് തലയാട്ടി അംഗീകരിക്കേണ്ടിവരും. അതു കൊണ്ട് തന്നെ ഇത് പലരും തെറ്റിദ്ധരിക്കുന്നത് പോലെ ഒരു പശുവിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് ജനാധിപത്യ നിഷേധത്തിന്റെ പ്രശ്‌നമാണ്.
(അവസാനിച്ചു)
തയ്യാറാക്കിയത് : സഫ്‌വാന്‍ ചെറൂത്ത്,
മുഹമ്മദ് രിള്‌വാന്‍ ആക്കോട്