Connect with us

International

ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

Published

|

Last Updated

ജറൂസലം: ഫലസ്തീനിലെ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന മുഴുവന്‍ കൊലപാതകങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയായി തുടരുന്ന ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം ഫലസ്തീന്‍, ഇസ്‌റാഈല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മസ്ജിദുല്‍അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തുന്ന ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം തടഞ്ഞതോടെയാണ് വീണ്ടും മേഖല പ്രക്ഷുബ്ധമായത്. ഇതുവരെയായി 50 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി എട്ട് ജൂതരും കൊല്ലപ്പെട്ടു.
അര്‍ഥവത്തായ ചര്‍ച്ചകളിലൂടെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളും പിന്തുണയും തങ്ങള്‍ നല്‍കുമെന്നും റാമല്ലയില്‍ അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.
അത്യന്തികമായി സമാധാനത്തിന് ശ്രമിക്കേണ്ടത് ഇസ്‌റാഈലും ഫലസ്തീനുമാണ്. ഇപ്പോഴത്തെ തങ്ങളുടെ ലക്ഷ്യം നിലവിലെ സംഘര്‍ഷത്തിന് അറുതിവരുത്തി കൂടുതല്‍ ജീവഹാനികള്‍ ഒഴിവാക്കലാണ്. രാഷ്ട്രീയ പരിഹാരം മാത്രമാണ് നിലവിലെ സംഘര്‍ഷത്തിന് ഏറ്റവും അനുയോജ്യമായ രീതി. ഇസ്‌റാഈല്‍ നടത്തുന്ന ഫലസ്തീന്‍ അധിനിവേശത്തിനും അറുതി വരേണ്ടതുണ്ട്. വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും സമാധാനത്തിന്റെ വഴിയിലേക്ക് നീങ്ങണം. ഇസ്‌റാഈലും ഫലസ്തീനുമാണ് സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.
കിഴക്കന്‍ ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദിലെത്തുന്ന വിശ്വാസികളോട് അവിടുത്തെ നിയമങ്ങളനുസരിച്ച് മാന്യമായി പെരുമാറണമെന്ന് മഹ്മൂദ് അബ്ബാസ് ഇസ്‌റാഈലിനെ ഓര്‍മപ്പെടുത്തി. കിഴക്കന്‍ ജറൂസലമിലെ ആരാധനാലയങ്ങള്‍ക്ക് മേല്‍ ആധിപത്യം നടത്തുകയാണ് ഇസ്‌റാഈല്‍. ഇതാണ് ഇവിടെ സംഘര്‍ഷത്തിന് വീണ്ടും കാരണമായത്. ഇതിന്റെ അനന്തര ഫലങ്ങള്‍ ഇസ്‌റാഈല്‍ അനുഭവിക്കുമെന്നും അബ്ബാസ് മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഫലസ്തീനികള്‍ പ്രാര്‍ഥനക്കെത്തുമ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ തടയുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. അതേസമയം, ജൂതരുടെ പ്രവേശനത്തിന് ഇസ്‌റാഈള്‍ തടസ്സം നില്‍ക്കുന്നുമില്ല. ഇവിടുത്തെ നിയമങ്ങള്‍ മാറ്റി മറിച്ച് ഇസ്‌റാഈലിന് ആധിപത്യം നേടാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ തന്ത്രപരമായി നടത്തുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.