Connect with us

International

ബ്രിട്ടനും ചൈനയും നിരവധി കരാറുകളില്‍ ഒപ്പ് വെക്കും

Published

|

Last Updated

ലണ്ടന്‍: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ആണവ കരാര്‍ ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പ് വെക്കും. ലണ്ടനില്‍ എത്തിയ സി ജിന്‍പിംഗ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ ഇന്നലെ കണ്ടിരുന്നു. 46 ബില്യന്‍ ഡോളറിന്റെ വ്യാപാര, നിക്ഷേപ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്നാണ് കരുതപ്പെടുന്നത്. സുപ്രധാന അടിസ്ഥാന നിര്‍മാണ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി സാധ്യത നല്‍കുന്ന അതിവേഗ റെയില്‍വേകളുടെ നിര്‍മാണവും ലക്ഷ്യമിടുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഹിംക്‌ലി പോയിന്റില്‍ ഫ്രാന്‍സ് നിര്‍മിക്കുന്ന 25 ബില്യണ്‍ ഡോളറിന്റെ ആണവ പവര്‍ പ്രൊജക്ടിലും നിക്ഷേപം നടത്തുന്ന കരാറിലും ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്നാണ് കരുതപ്പെടുന്നത്.
ബ്രിട്ടനിലെത്തിയ ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലെയും പ്രതിനിധികളെ അഭിമുഖീകരിച്ച് സംസാരിക്കാനുള്ള അവസരവും ബ്രിട്ടന്‍ സി ജിന്‍പിംഗിന് നല്‍കി.
എന്നാല്‍, ചൈനയുമായുള്ള പുതിയ ബന്ധത്തെയും കരാറിനെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുണ്ട്. ചൈന നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നേരെ ബ്രിട്ടന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബ്രിട്ടനിലെ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പോലീസ് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പാടാക്കിയിരുന്നത്. 2012ല്‍ അധികാരത്തിലെത്തിയത് മുതല്‍ പൗരാവകാശങ്ങളെ സി ജിന്‍പിംഗ് അടിച്ചമര്‍ത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.