Connect with us

Books

കോണ്‍ഗ്രസിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു

Published

|

Last Updated

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു. മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം എല്‍ ഫൊത്തേദാറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന “ചിനാര്‍ ലീവ്‌സ്” എന്ന പുസ്തകം രചിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിരവധി അണിയറ രഹസ്യങ്ങള്‍ അടങ്ങുന്നതാണ് പുസ്തകം എന്നാണ് സൂചന.

വാജ്‌പേയി സര്‍ക്കാര്‍ ലോക്‌സഭയില്‍ ഒരു വോട്ടിനു പരാജയപ്പെട്ടശേഷം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വിജയിക്കാതെ പോയതിന് കാരണക്കാര്‍ അവിടെത്തന്നെയുണ്ടെന്ന് ഫൊത്തേദാര്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കുമെന്ന് മുന്‍കൂട്ടികണ്ട മാധവറാവു സിന്ധ്യ സമാജ്‌വാദി പാര്‍ട്ടിയുമായി പിന്നാമ്പുറ ധാരണയുണ്ടാക്കിയെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന നിലപാടോടെ സിന്ധ്യ അമര്‍ സിംഗിനെ സ്വാധീനിക്കുകയായിരുന്നു. രാഷ്ട്രപതിയെ സമീപിച്ച സോണിയാഗാന്ധി സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരുന്നു. ഈ ശ്രമം വിജയിക്കാതെ വന്നു. അതിന് നമ്പേഴ്‌സ് ഡോണ്‍ട് ആഡ് ആപ് എന്ന് അവര്‍ നടത്തിയ കുറ്റ സമ്മതം രാഷ്ട്രീയ വിവരക്കേടിന്റെ തെളിവായി വ്യഖ്യാനിക്കപ്പെട്ടു.

ഇന്ദിരാഗാന്ധി തന്റെ പിന്‍ഗാമിയായി കണക്കാക്കിയിരുന്നത് പ്രിയങ്കയെയാണെന്നും ഫൊത്തേദാര്‍ തുറന്നു പറയുന്നു. തന്റെ അന്ത്യമടുത്തുവെന്ന് സ്വയം തോന്നിയതിനു പിന്നാലെ പ്രിയങ്ക ഏറെക്കാലം അധികാരത്തിലുണ്ടാവുമെന്ന പ്രവചനവും ഇന്ദിരാഗാന്ധി നടത്തിയിരുന്നുവത്രേ. രാജീവ് വധത്തിനു ശേഷം ഇക്കാര്യമറിയിച്ച് താന്‍ സോണിയ്ക്ക് കത്തയച്ചിരുന്നെങ്കിലും അവിടുന്ന് കാര്യമായ പരിഗണന കിട്ടിയില്ല.

സോണിയ്ക്കുവേണ്ടി വഴിമാറാന്‍ താനാണ് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയോടാവശ്യപ്പെട്ടത്. സോണിയയോട് വിശ്വസ്തത പ്രകടിപ്പിച്ചു നരസിംഹറാവുവിന്റെ എതിര്‍ ചേരിയില്‍ നിന്ന അര്‍ജുന്‍ സിംഗ്, എന്‍ ഡി തിവാരി, ഷീലാ ദീക്ഷിത് തുടങ്ങിയവര്‍ പിന്നീട് അംഗീകരിക്കപ്പെട്ടപ്പോള്‍ താന്‍ അവഗണി്ക്കപ്പെട്ടെന്ന പരിഭവവും ഫൊത്തേദാര്‍ പ്രകടിപ്പിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ “ചിനാര്‍ ലീവ്‌സ്” പുറത്തിറങ്ങും.

Latest