Connect with us

Gulf

വിമാന യാത്രാ നിരക്ക് കുറച്ചു; വോട്ട് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം

Published

|

Last Updated

ഷാര്‍ജ: വിമാനയാത്രാ നിരക്ക് കുത്തനെ കുറച്ചത് അടുത്ത മാസം ആദ്യവാരത്തില്‍ കേരളത്തില്‍ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കൊതിച്ചുനില്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് ഏറെ ഗുണകരമാകും.
എയര്‍ ഇന്ത്യ അടക്കമുള്ള മിക്ക വിമാനക്കമ്പനികളും കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചിട്ടുണ്ട്. കരിപ്പൂര്‍ അടക്കം സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 700 ദിര്‍ഹമില്‍ താഴെയാണ് ഇപ്പോള്‍ ബുക്ക് ചെയ്യുമ്പോഴുള്ള നിരക്ക്. വണ്‍വേ ടിക്കറ്റ് 400 ല്‍ താഴെ ദിര്‍ഹമിനും ലഭിക്കുന്നു. അടുത്ത മാസം വരെ ഇതേ നിരക്ക് തുടരാനാണ് സാധ്യത. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതാണ് നിരക്ക് ഗണ്യമായി കുറക്കാന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. സീസണ്‍ വേളയിലുണ്ടായിരുന്ന നിരക്കിന്റെ നാലിലൊരു തുക മാത്രമാണ് ഇപ്പോള്‍ കേരളത്തിലേക്കും മംഗലാപുരത്തേക്കും ഈടാക്കുന്നത്. കഴിഞ്ഞ വേനലവധിക്കാലത്ത് സാധാരണക്കാരായ പ്രവാസികള്‍ക്ക് തൊടാന്‍ പറ്റാത്ത ഉയരത്തിലായിരുന്നു ടിക്കറ്റ് നിരക്ക്. നാട്ടില്‍ നിന്നുള്ള മടക്കയാത്രാ നിരക്ക് അര ലക്ഷത്തോളം രൂപയായിരുന്നു. നാട്ടിലേക്കുള്ള വണ്‍വേ ടിക്കറ്റിന് മാത്രം രണ്ടായിരത്തോളം ദിര്‍ഹം ഈടാക്കിയിരുന്നു.
ആ നിരക്കാണിപ്പോള്‍ കുത്തനെ കുറച്ചിരിക്കുന്നത്. അവസരം കിട്ടുന്ന പക്ഷം വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകണമെന്നാഗ്രഹിക്കുന്നവരാണ് പ്രവാസികളില്‍ പലരും. സ്വന്തമായി ബിസിനസ് ചെയ്യുന്നവരും തൊഴില്‍ ചെയ്യുന്നവര്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും അവധിയെടുത്തും തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ പോകാനാഗ്രഹിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ അലട്ടിയിരുന്നത് ഭീമമായ ടിക്കറ്റ് നിരക്കായിരുന്നു. പ്രതീക്ഷിച്ചതിലും കുറവ് വന്നതോടെ നാട്ടിലേക്ക് തിരിക്കാനുള്ള ആഗ്രഹത്തില്‍ പലരും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുമ്പോള്‍ പെട്ടെന്ന് നാട്ടിലെത്താനുള്ള ഒരുക്കത്തിലാണിവര്‍.
നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ രാഷ്ട്രീയപ്രേമികളായ മലയാളികളിലും ആവേശം മുറുകിയിരിക്കുയാണ്. പ്രവാസികളും മുന്‍ പ്രവാസികളുമായ നിരവധി പേര്‍ ഇക്കുറി മത്സര രംഗത്തുണ്ട്. മലബാര്‍ മേഖലയിലാണ് പ്രവാസികളിലേറെയും മത്സരരംഗത്തിറങ്ങിയിട്ടുള്ളത്.

Latest