ദുബൈ താമസക്കാര്‍ സന്തുഷ്ടരാണ്; പക്ഷേ വാടക കുറയണം

Posted on: October 21, 2015 5:49 pm | Last updated: October 21, 2015 at 5:49 pm

003_skidmore_owings_merrill_burj_khalifa_theredlistദുബൈ: തങ്ങള്‍ ദുബൈയിലെ ജീവിതത്തില്‍ സന്തുഷ്ടരാണെങ്കിലും വാടക ക്രമാതീതമായി ഉയരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി പൊതുജനം അഭിപ്രായപ്പെട്ടു.
എമിറേറ്റില്‍ അധിവസിക്കുന്ന ജനങ്ങള്‍ ഇവിടുത്തെ ജീവിതത്തില്‍ സംതൃപ്തരാണോയെന്ന അന്വേഷണവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സന്ദേശത്തിനുള്ള മറുപടിയായാണ് ഈ അഭിപ്രായം ഉയര്‍ന്നുവന്നത്. ശൈഖ് മുഹമ്മദിന് വേണ്ടി ഇന്നലെ ദുബൈ പോലീസാണ് എമിറേറ്റിലെ താമസക്കാരുടെ മൊബൈലുകളിലേക്ക് അഭിപ്രായമയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയച്ചത്.’നിങ്ങളുടെ അഭിപ്രായമറിയാന്‍ ശൈഖ് മുഹമ്മദ് താത്പര്യപ്പെടുന്നു’ എന്ന സന്ദേശം അറബി, ഇംഗ്ലീഷ് ഭാഷകളില്‍ മൊബൈലുകളിലൂടെ ലഭിച്ചിരുന്നു. സന്ദേശത്തിന് താഴെയുള്ള ലിങ്കിലൂടെ, നിങ്ങള്‍ ദുബൈയില്‍ സംതൃപ്തനാണോ അല്ലെയോ എന്ന് വോട്ട് ചെയ്യാനും അവസരമൊരുക്കിയിരുന്നു.
ദുബൈയില്‍ താമസിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നഗരം സന്തോഷത്തിന്റേതാണെന്നും താമസക്കാരിയായ ഡോളി ഭാട്ടിയ എസ് എം എസിലൂടെ അധികൃതരെ അറിയിച്ചു. എന്നാല്‍ വാടക അല്‍പം കുറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന അഭിപ്രായവും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബൈയില്‍ വാടക കൂടുതലും ശമ്പളം അതിനൊത്ത് ലഭിക്കുന്നില്ലെന്നുമുള്ള അഭിപ്രായമാണ് ഗൗരവ് സിംഗ് അറിയിച്ചത്. തങ്ങള്‍ക്ക് ദുബൈയില്‍ താമസിക്കാന്‍ തീര്‍ച്ചയായും ഇഷ്ടമാണെന്നും എന്നാല്‍ വാടക താങ്ങാനാവുന്നില്ലെന്നുമായിരുന്നു മുള്ളര്‍ കോയില്‍മെര്‍ അറിയിച്ചത്.
ഞങ്ങള്‍ക്ക് ദുബൈയില്‍ ജീവിക്കുന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ സ്‌കൂള്‍ ഫീസും ചികിത്സാ ചെലവും കുറയുകയും ശമ്പളം വര്‍ധിക്കുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്ന് സബാ സുഹൈല്‍ അഭിപ്രായപ്പെട്ടു.
ദുബൈ സര്‍ക്കാരിന്റെ ജനങ്ങള്‍ക്ക് സന്തോഷം ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ‘ഹാപ്പി സിറ്റി’യെന്ന പേരില്‍ എസ് എം എസ് സംവിധാനത്തിലൂടെ അഭിപ്രായം ആരാഞ്ഞതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന അഭിപ്രായപ്പെട്ടു. ദുബൈയിലെ ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും എത്രത്തോളമുണ്ടെന്ന് അളക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘ഹാപ്പി സിറ്റി’. ഇതിലൂടെ ജനങ്ങളുടെ പൊതുവികാരം അറിയാനാവുമെന്നും അല്‍ മസീന പറഞ്ഞു.