ജൈറ്റക്‌സില്‍ വൈവിധ്യങ്ങളുടെ മൂന്നാം നാള്‍

Posted on: October 21, 2015 5:47 pm | Last updated: October 21, 2015 at 5:47 pm
SHARE

NOLദുബൈ: രാജ്യാന്തര ശ്രദ്ധ നേടിയ ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശനത്തിന്റെ മൂന്നാം നാള്‍ പുതുസംരംഭങ്ങളുടെ പ്രകാശനം കൊണ്ടും അന്തര്‍ദേശീയ ഔദ്യോഗിക സംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. എസ്റ്റോണിയന്‍ പ്രധാനമന്ത്രി താവി റോയിവസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ഈജിപ്ഷ്യന്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രി യാസര്‍ എല്‍ കദിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ഇന്നലെ ജൈറ്റക്‌സ് പ്രദര്‍ശനത്തിനെത്തി. തിങ്കളാഴ്ച വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്റ്റാളുകള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.
അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് എകണോമികിന്റെ കീഴിലുള്ള അബുദാബി ബിസിനസ് സെന്റര്‍ വാണിജ്യ ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള ആപ്പ് ഇന്നലെ ജൈറ്റക്‌സില്‍ പുറത്തിറക്കി. സെന്ററിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് പുതുക്കലുകളാണ്. പുതിയ ആപ്പ് വരുന്നതോടെ കൗണ്ടര്‍ സ്റ്റാഫിന്റെ സഹായമില്ലാതെ പ്രക്രിയ നിര്‍വഹിക്കാനാകുമെന്ന് ബ്രാഞ്ചസ് ആന്റ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മുറാര്‍ പറഞ്ഞു.
സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് നോള്‍ കാര്‍ഡ് ടോപ് അപ് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് ദുബൈ ആര്‍ ടി എ ഇന്നലെ പുറത്തിറക്കി. സ്മാര്‍ട് ഫോണില്‍ നോള്‍കാര്‍ഡ് സ്പര്‍ശിച്ച് ക്രെഡിറ്റ് കാര്‍ഡ് വഴി റീ ചാര്‍ജിംഗ് നടത്താവുന്ന സൗകര്യമാണ് ഈ ആപ്പിലൂടെ ലഭിക്കുക. കൂടുതല്‍ വികസിപ്പിച്ച് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറും.
ഡി എച്ച് എ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പ് ഹയാതി ഇന്നലെ പുറത്തിറക്കി. ഡി എച്ച് എയില്‍ രജിസ്റ്റര്‍ ചെയ്ത ടൈപ്പ് ഒന്ന്, രണ്ട് പ്രമേഹ രോഗികളുടെ പ്രമേഹ അളവ് ആപ്പിലൂടെ ആരോഗ്യ കേന്ദ്രത്തിലേക്ക് ലഭിക്കും. തുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങളും ആപ്പിലൂടെ നല്‍കും. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താവുന്ന ആപ് കെ എച്ച് ഡി എയും പുറത്തിറക്കി. ഫുജിത്‌സു ഏറ്റവും പുതിയ പേപ്പര്‍ സ്‌കാനിംഗ് മെഷീന്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. സൂം ടെക്‌നോളജീസ് കമ്പനി എക്‌സീരിസിലെ മൊബൈല്‍ ഫോണുകളും ഇന്നലെ പുറത്തിറക്കി. ത്രീ ഡി ശബ്ദം, മികച്ച ക്യാമറ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതയായി നിര്‍മാതാക്കള്‍ എടുത്തു കാണിക്കുന്നത്. യു എ ഇ ട്രായുടെ കീഴിലുള്ള ഐ സി ടി ഫണ്ട്, യു എ ഇ സ്‌പേസ് ഏജന്‍സിയുമായി ഇന്നലെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതിലൂടെ ശാസ്ത്ര-സാങ്കേതിക രംഗത്തും നൂതന ആശയങ്ങള്‍ രൂപവത്കരിക്കുന്നതിന് 15 വിദ്യാര്‍ഥികള്‍ക്ക് ഐ സി ടി ഫണ്ടിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കും.