Connect with us

Wayanad

ഒടുവില്‍ കോണ്‍ഗ്രസ് വിമതര്‍ പുറത്തേക്ക്

Published

|

Last Updated

കല്‍പ്പറ്റ: അന്ത്യശാസനത്തിലും അനുസരണക്കേട് തുടര്‍ന്ന കോണ്‍ഗ്രസ് വിമതര്‍ ഒടുവില്‍ പാര്‍ട്ടിക്ക് പുറത്ത്. കെപിസിസിയുടെ നിര്‍ദ്ദേശാനുസരണം പതിനൊന്ന് പേരെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍ വിമതപ്പടയിലെ പ്രബലനായ ജോസ് കണ്ടം തുരുത്തിയെ പാര്‍ട്ടി കൈവിട്ടമട്ടാണ്.
ആദ്യം കെ പി സി സി മുന്നറിയിപ്പ് നല്‍കി. പിറകെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അവസാന അവസരം നല്‍കി. എന്നാല്‍ ജില്ലയിലെ വിമതപ്പട മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ കെപിസിസിയുടെ നിര്‍ദ്ദശാനുസരണം ജില്ലയിലെ പതിനൊന്ന് വിമതരെയും പുറത്താക്കി. കല്‍പ്പറ്റ നഗരസഭയില്‍ മത്സരിക്കുന്ന കെ ജോസ്, ആര്‍ രാധാകൃഷ്ണന്‍ കണിയാമ്പറ്റ പഞ്ചായത്ത് അരിമുള വാര്‍ഡിലെ എ ആര്‍ രമേശന്‍, പനമരം ബ്ലോക്ക് നടവയല്‍ ഡിവിഷനിലെ ജോസ് വെമ്പിള്ളി, മാനന്തവാടി മുനിസിപ്പാലിറ്റി പിലാക്കാവ് ഡിവിഷനിലെ വിപി മുഹമ്മദ്, കൊയിലേരി ഡിവിഷനിലെ ഡെയ്‌സി ബാബു, പുത്തന്‍പുര ഡിവിഷനിലെ സാബു മണിത്തൊട്ടി, കോട്ടത്തറ പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ടി ജി ശങ്കരന്‍, പുല്‍പ്പള്ളി മീനം കൊല്ലി വാര്‍ഡിലെ പിഎന്‍ ശിവന്‍, വേങ്ങപ്പള്ളി പഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ കെ നാരായണന്‍ കുട്ടി, മുട്ടില്‍ കുട്ടംമംഗലം വാര്‍ഡിലെ നജീം എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയത്. മേപ്പാടി മുണ്ടക്കൈ വാര്‍ഡില്‍ വിമതനായി ഇറങ്ങിയ നസീര്‍ ആലക്കല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറാമെന്ന് പാര്‍ട്ടിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നടപടിയില്‍ നിന്ന് ഒഴിവാക്കി. ഇതേസമയം മത്സരിക്കാന്‍ ഇടതുപക്ഷത്തേക്ക് ചേക്കേറിയ ജോസ് കണ്ടംതുരുത്തിയെ പാര്‍ട്ടി കൈവിട്ട മട്ടാണ്. നിലവില്‍ ജോസിന് പാര്‍ട്ടിയില്‍ യാതൊരു ഭാരവാഹിത്വവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് പറഞ്ഞു. ഇതേ സമയം ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റായ പി എന്‍ ശിവനെ ഡിസിസി പ്രസിഡന്റിന് പുറത്താക്കാന്‍ കഴിയില്ലെന്ന വാദവും ഉയരുന്നുണ്ട് അതേസമയം മുന്നണി സംവിധാനത്തിന് കോട്ടം തട്ടരുതെന്ന നിലയ്ക്ക് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി നടവയലില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് എം സി സെബാസ്റ്റ്യന്‍ പിന്‍മാറിയതായും കെ എല്‍ പൗലോസ് പറഞ്ഞു.