Connect with us

Wayanad

തോമാട്ടുചാലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ പോരാട്ടം ശക്തം.
കോണ്‍ഗ്രസ്-ഐ നേതാവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി സി സി സെക്രട്ടറിയുമായ പി കെ അനില്‍കുമാറും ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തുമെമ്പറുമായ പി എം ജോയിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ഇരുവരും ഡിവിഷനില്‍ അറിയപ്പെടുന്നവരും നേതൃത്വ നിരയിലുള്ളവരുമാണ്.
ബി ജെ പി സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പ്രസിഡന്റ് കൂട്ടാറ ദാമോദരനും സജീവമായി മത്സര രംഗത്തുണ്ട്. ജില്ലയില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായ പി കെ ഗോപാലന്റെ മകനാണ് പി കെ അനില്‍കുമാര്‍. നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണ് പി എം ജോയി. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണെങ്കിലും നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യു ഡി എഫിന് അനുകൂലമാണ് ഈ ഡിവിഷന്‍. ഡിവിഷന് കീഴില്‍ വരുന്ന അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്, നെന്മേനി ഗ്രാമ പഞ്ചായത്ത്, മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ഭരണം കൈയാളുന്നത് യു ഡി എഫാണ്. മുപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള ആറ് വാര്‍ഡുകളും അമ്പലയവല്‍ ഗ്രാമ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും നെന്മേനി ഗ്രാമ പഞ്ചായത്തിലെ 11 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് തോമാട്ടുചാല്‍ ഡിവിഷന്‍. കോളിയാടി, ചുള്ളിയോട്, തോമാട്ടുചാല്‍, മുപ്പൈനാട് എന്നീ ബ്ലോക്ക് ഡിവിഷനുകളും തോമാട്ടുചാല്‍ ജില്ലാ ഡിവിഷന്റെ പരിധിയിലാണ്.
വീട് വീടാനന്തരമുള്ള പ്രചരണമാണ് നടക്കുന്നത്. വ്യക്തികളേയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിവുള്ളവരേയും പ്രത്യേകമായി കണ്ട് വോട്ടു തേടുന്നതിനാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച നോട്ടീസുകളും ബാനറുകളും ഫഌക്‌സ് ബോര്‍ഡുകളും നിരന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ പ്രചരണം ശക്തമാക്കാനാണ് ഇരു മുന്നണികളുടേയും നീക്കം.

Latest