Connect with us

Kozhikode

വിട പറഞ്ഞത് സംഘകുടുംബത്തിലെ നിറസാന്നിധ്യം

Published

|

Last Updated

പാലാഴി: അബ്ദുസ്സമദ് ഫൈസി പാലാഴിയുടെ വേര്‍പാടിലൂടെ മിതഭാഷിയും എന്നാല്‍ കിടയറ്റ സംഘാടകനെയും സ്ഥിരോത്സാഹിയായ പണ്ഡിതനെയുമാണ് പാലാഴി മഹല്ലിനും സുന്നി സംഘകുടുംബത്തിനും നഷ്ടമായത്. മുഴുസമയ സംഘടനാ പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെയും മറ്റും പരിശ്രമ ഫലമായാണ് പാലാഴി ഹിദായയും അനുബന്ധ സ്ഥാപനങ്ങളും വികാസം പ്രാപിച്ചത്.
അടുക്കും ചിട്ടയോടെയുമുള്ള ദഅ്‌വാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം ഒരു പ്രദേശത്തിന്റെ കര്‍മ ഭടനായി മാറുകയായിരുന്നു. വര്‍ഷങ്ങളോളം മര്‍കസിലെ ബോര്‍ഡിംഗ്, ഓര്‍ഫനേജ് സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തിയ അദ്ദേഹത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍ ശിഷ്യ സമ്പത്തുണ്ട്. നാട്ടിലും മറുനാട്ടിലുമായി സമദ് ഫൈസി വലിയ വ്യക്തി ബന്ധത്തിനുടമയുമാണ്.
ഹിദായയുടെ പബ്ലിഷിംഗ് വിഭാഗത്തിന്റെ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളമാഗ്രഹിച്ച നിരവധി രചനകള്‍ സമര്‍പ്പിക്കാനായി. രോഗിയായിരിക്കെ രചന പൂര്‍ത്തീകരിച്ച “നിസ്‌കാരം” എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പഠനസമയത്ത് തന്നെ സംഘകുടുംബത്തിലെ മികച്ച സാന്നിദ്ധ്യമായിരുന്ന ഫൈസി കഴിവുറ്റ സംഘാടകനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ നൂതന കാഴ്ചപ്പാടുകളിലൂടെ ഹിദായ സംരംഭങ്ങള്‍ വളര്‍ന്നു പന്തലിച്ചു. സാന്ത്വനം ഹെല്‍ത്ത്‌കെയര്‍, പലിശ രഹിത നിധി, വാര്‍ധക്യ പെന്‍ഷന്‍, ഹയര്‍ സ്റ്റഡീസ് സ്‌കോളര്‍ഷിപ്പ് തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് ഏതാണ്ട് പതിനഞ്ച് വര്‍ഷം മുമ്പ് ഹിദായയില്‍ തുടക്കം കുറിച്ചതും കേരളത്തിലെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പദ്ധതി ആദ്യമായി ആരംഭിക്കുന്നതിനു പിന്നിലും അദ്ദേഹത്തിന് ധൈഷണിക നേതൃത്വം നല്‍കാനായി.
കാന്തപുരം ഉസ്താദും മറ്റു പണ്ഡിതരും സാദാത്തുക്കളുമായി ഉണ്ടായിരുന്ന ബന്ധവും തികഞ്ഞ സൂക്ഷ്മതയും സമദ് ഫൈസിക്ക് പ്രവര്‍ത്തന പാതയില്‍ തണല്‍ വിരിച്ച ഘടകങ്ങളാണ്. പാലാഴിയില്‍ എസ്. എസ്. എഫ് യൂണിറ്റ് തുടക്കം കുറിച്ച അദ്ദേഹം സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്വവും പകര്‍ന്ന നേതൃത്വത്തിനുടമയും കൂടിയായിരുന്നു.
സമസ്ത മുശാവറ നേതാക്കളായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുസമദ് സഖാഫി മായനാട് തുടങ്ങിയവര്‍ ഫൈസിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി.

Latest