പോരാട്ടം യു ഡി എഫും എല്‍ ഡി എഫും തമ്മില്‍: ഡി സി സി പ്രസിഡന്റ്

Posted on: October 21, 2015 9:47 am | Last updated: October 21, 2015 at 9:47 am
SHARE

പാലക്കാട്: തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള പോരാട്ടമാണെന്നും ബി ജെ പിതിരെഞ്ഞടുപ്പ് ചിത്രത്തില്‍ വരുന്നില്ലെന്നും ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍.
പാലക്കാട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച വോട്ട് പഞ്ചായത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു സഹാചര്യത്തില്‍ ബി ജെ പിയെ തോല്‍പ്പിക്കുന്നതിന് സി പി എമ്മുമായി സഖ്യമുണ്ടെന്ന പ്രചരണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി ജെ പി – എസ് എന്‍ ഡി പി ബന്ധം യു ഡി എഫ് വോട്ടുകളില്‍ യാതൊരു കുലുക്കവും സംഭവിപ്പിക്കില്ല. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് തിരെഞ്ഞടുപ്പിനെ നേരിടുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഐക്യമാണ് യു ഡി എഫിനുള്ളത്. കഴിഞ്ഞ തദ്ദേശ സ്വയഭരണ തിരെഞ്ഞടുപ്പില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇത്തവണ മുന്നണിക്കുള്ളിലെയും പാര്‍ട്ടിക്കുള്ളിലെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി.
ചില്ലറസ്ഥലങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സ്വഭാവികമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് സംസ്ഥാന മഹിള സെക്രട്ടറി പി എ രമണിഭായിയെ തഴഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാര്‍ഡുതലത്തിലോ, നിയോജകമണ്ഡലത്തിലോ രമണിഭായിയുടെ പേര് നിര്‍ദ്ദേശിക്കാത്തത് മൂലം ഡി സി സിക്ക് ഇടപെടാന്‍ സാധ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പതിനാലോളം വാര്‍ഡുകളില്‍ വിമതസ്ഥാനാര്‍ഥികള്‍ ഉണ്ട്. ഇവര്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറാത്ത പക്ഷം നടപടി സ്വീകരിക്കും.
മണ്ണാര്‍ക്കാട്, കോട്ടോപ്പാടം ലീഗിലെ പ്രശ്‌നം അവരുടെ ആഭ്യന്തരകാര്യമാണ്. നാലു വര്‍ഷത്തെ യു ഡി എഫ് ‘രണത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനൊപ്പം ഇടത് മുന്നണിയുടെ വികസന വിരുദ്ധനയങ്ങളും തുറന്നു കാണിക്കും. മെഡിക്കല്‍ കോളജ്, ഐ എ എസ് അക്കാദമി, അട്ടപ്പാടി, തൃത്താല കോളജുകള്‍ വരുമ്പോഴുണ്ടായ ഇടത് മുന്നണിയുടെ എതിര്‍പ്പ് ഇതിന് തെളിവാണ്. റെയില്‍വേ , കോച്ച് ഫാക്ടറി എന്നിവയുടെ വികസനം ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഉയര്‍ത്തിക്കാണിച്ചുള്ള ബി ജെ പിയുടെ പ്രചരണം എട്ടുകാലി മമ്മൂഞ്ഞ് പോലെയാണെന്നും വര്‍ഗീയ വിദ്വേഷം കലര്‍ത്തി അധികാരത്തില്‍ വരുമെന്ന് ബി ജെ പിയുടെ സ്വപ്‌നം മലര്‍ക്കൊടിക്കാരന്റെ സ്വപ്‌നം പോലെ തകരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മികച്ച നേട്ടമാണ് നല്‍കിയത്. ഉപതിരെഞ്ഞടുപ്പുകളിലും യു ഡി എഫിന് സീറ്റുകള്‍ നിലനിര്‍ത്താനും സാധ്യമായി. ഈ തിരെഞ്ഞടുപ്പിലും അത്ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്‍ രമേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here