Connect with us

International

'ക്ലോക്ക്' അഹ്മദിന് വൈറ്റ് ഹൗസില്‍ ഊഷ്മള സ്വീകരണം

Published

|

Last Updated

വാഷിംഗ്ടണ്‍: വീട്ടില്‍വെച്ച് നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയപ്പോള്‍ അറസ്റ്റിലായ അഹ്മദ് മുഹമ്മദ് വൈറ്റ്ഹൗസിലെത്തി. ബോംബാണെന്ന് ആരോപിച്ച് മുഹമ്മദിനെ അറസ്റ്റ് ചെയ്ത നടപടി അമേരിക്കക്ക് വന്‍ നാണക്കേടായതോടെ മുഹമ്മദിനെ അഭിനന്ദിക്കാനും വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കാനും പ്രസിഡന്റ് ബരാക് ഒബാമ തയ്യാറായിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അഹ്മദ് വൈറ്റ്ഹൗസിലെത്തിയത്.
മറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ യാത്രികര്‍ക്കുമൊപ്പമാണ് അഹ്മദ് മുഹമ്മദ് ഇന്നലെ വൈറ്റ് ഹൗസിലെ ജ്യോതിശാസ്ത്ര രാവില്‍ പങ്കെടുത്തത്. അധ്യാപകരില്‍ നിന്ന് അഭിന്ദനം നേടുകയെന്ന ഉദ്ദേശ്യത്തോടെ സ്വയം നിര്‍മിച്ച ക്ലോക്കുമായി ടെക്‌സാസിലെ സ്‌കൂളിലെത്തിയ മുഹമ്മദിനെ സംശയത്തിന്റെ പേരില്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. നാസയുടെ ലോഗോ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് പോലീസിന്റെ കൈയാമവുമായി നില്‍ക്കുന്ന മുഹമ്മദിന്റെ ഫോട്ടോ “മുഹമ്മദിനെ പിന്തുണക്കുക” എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളില്‍ മണിക്കൂറുകള്‍കൊണ്ട് വൈറലായിരുന്നു. തുടര്‍ന്ന് മുഹമ്മദിന്റെ കഴിവിനെ പുകഴ്ത്തിക്കൊണ്ട് ഒബാമ രംഗത്തെത്തിയിരുന്നു. ശാസ്ത്രകുതുകിയായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ മുസ്‌ലിം പേടിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

Latest