സമാധാന ദൂതുമായി ബാന്‍ കി മൂണ്‍ ഇസ്‌റാഈലില്‍

Posted on: October 21, 2015 6:00 am | Last updated: October 21, 2015 at 12:54 am
SHARE

BANKIMOONജറൂസലം: സമാധാന സന്ദേശവുമായി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഇസ്‌റാഈലിലെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് അവിചാരിത സന്ദര്‍ശനം. ഇരുവിഭാഗവും ആക്രമണം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തണമെന്ന് ഒരു വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ഇസ്‌റാഈലിനോടും ഫലസ്തീനിനോടും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഹിബ്‌റോണില്‍ ഒരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ ഇസ്‌റാഈല്‍ അധിനിവേശ മേഖലകളിലെല്ലാം സംഘര്‍ഷം പടര്‍ന്നുപിടിച്ചു. ഹിബ്‌റോണില്‍ ചൊവ്വാഴ്ച നടന്ന ഒരു ആക്രമണത്തില്‍ ഒരു ജൂതനും കൊല്ലപ്പെട്ടിട്ടുണ്ട്. റാമല്ലയില്‍ ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങളെ പിരിച്ചുവിടാന്‍ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതുവരെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. രണ്ടായിരത്തിലധികം ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫലസ്തീന്‍കാരനെന്ന് കരുതി ഇസ്‌റാഈല്‍ സൈന്യം എരിത്രിയക്കാരനായ കുടിയേറ്റക്കാരനെ വെടിവെച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയിരുന്നു.
അതിനിടെ വെസ്റ്റ്ബാങ്കിലെ ഹമാസിന്റെ സമുന്നത നേതാവിനെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തു. റാമല്ലയില്‍ അര്‍ധരാത്രി നടത്തിയ പരിശോധനയിലാണ് ഹസന്‍ യൂസുഫിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ഇതിന് മുമ്പും നിരവധി തവണ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ഈ അറസ്റ്റെന്നാണ് ഇതിനോട് ഹമാസ് നേതൃത്വം പ്രതികരിച്ചത്. 2000ത്തില്‍ തുടക്കം കുറിച്ച രണ്ടാം ഇന്‍തിഫാദയുടെ പ്രത്യക്ഷ നായകനായിരുന്നു ഇദ്ദേഹം.
എട്ട് സന്നദ്ധപ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫലസ്തീനില്‍ പ്രതിഷേധം നടത്തുകയായിരുന്നു ഇവര്‍. ശക്തമായ അടിച്ചമര്‍ത്തലാണ് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നതെന്ന് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here