Connect with us

Editorial

അപക്വമായ പാക്‌വിരോധം

Published

|

Last Updated

മുംബെയിലെ ഹോട്ടലുകളില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു പാകിസ്ഥാനി കുടുംബത്തിന് തെരുവില്‍ അന്തിയുറങ്ങേണ്ടിവന്ന കഥ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഒരു ദര്‍ഗ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലെത്തിയ അയല്‍ രാഷ്ട്രത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഏഴ് വയസ്സുള്ള കുട്ടിയുമടങ്ങുന്ന ഷക്കീല്‍ അഹ്മദിന്റെ കുടുംബത്തിനാണ് ഫുട്പാത്തില്‍ അന്തിയുറങ്ങേണ്ട ഗതികേട് വന്നത്. ഒരു മുറി വാടകക്ക് അന്വേഷിച്ചു ഷക്കീല്‍ അഹ്മദും കുടുംബവും മുംബെയിലെ ഇരുപതോളം ഹോട്ടലുകളില്‍ കയറിയിറങ്ങിയെങ്കിലും പാകിസ്ഥാനികളാണെന്നറിഞ്ഞപ്പേള്‍ മുറി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവത്രെ. ഇതിന് തൊട്ടടുത്ത ദിവസമാണ് പാകിസ്ഥാനിയാണെന്ന് പറഞ്ഞ് ഒരു മലയാളി യുവാവിനെ മുംബെ പോലീസ് തല്ലിച്ചതച്ചത്. മുംബെയില്‍ വസ്ത്ര വ്യാപാരം നടത്തുന്ന ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ചാവക്കാട് തിരുവത്ര തെരവത്ത് വീട്ടില്‍ ബശീറിന്റെ മകന്‍ ആസിഫിനാണ് പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റത്. ഗുരുതരമായ പരുക്കേറ്റ ഈ പത്തൊമ്പതുകാരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പോലീസിന്റെ ഭീഷണി കാരണം ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു.
പാക് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ അതിന്റെ സംഘാടകനും മുന്‍ ബി ജെ പി നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ കരിഓയില്‍ ഒഴിച്ചാണ് ശിവസേന പാക് വിരോധം പ്രകടിപ്പിച്ചത്. ഈ മാസം 25ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിക്കേണ്ടിയിരുന്ന അംബയര്‍ അലിംദാറിനെ സേനയുടെ ഭീഷണിയെ തുടര്‍ന്ന് ഐ സി സിക്ക് ഒഴിവാക്കേണ്ടിവരികയുമുണ്ടായി. രാജ്യത്ത് പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ പാക്‌വിരോധം പൂര്‍വോപരി രൂക്ഷമാകുകയാണ്. രാജ്യസ്‌നേഹത്തിന്റെ പേരിലാണത്രെ ഈ പൈശാചികതകളൊക്കെയും. പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ തടഞ്ഞും കലാകാരന്മാരെ വിലക്കിയും അവിടെ നിന്നുള്ള അതിഥികളെ പീഡിപ്പിച്ചുമൊക്കെയാണോ രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടത്? മതസൗഹാര്‍ദത്തില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യയുടെ മുഖം വികൃതമാക്കാനല്ലാതെ ഇതു കൊണ്ട് രാജ്യത്തിന് എന്ത് ഗുണമാണുള്ളത്? രാജ്യത്തിന് ദുഷ്‌പേര് വരുത്തിവെക്കുന്ന ഇത്തരം പ്രവൃത്തികള്‍ യഥാര്‍ഥത്തില്‍ രാജ്യദ്രോഹമാണ്.
കാശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നത് ശരി തന്നെ. മതഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഫലമായി രാജ്യം വിട്ടൊഴിയാന്‍ നിര്‍ബന്ധിതമായപ്പോള്‍ പ്രതികാരമെന്നോണം ബ്രിട്ടീഷ് ഭരണകൂടം ആസൂത്രണം ചെയ്ത വിഭജനത്തിന്റെ മുറിപ്പാടുകളാണ് ഇത്തരം പ്രശ്‌നങ്ങളില്‍ പലതും. ഇന്ത്യയുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ജനങ്ങള്‍ക്കോ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ കലാകാരന്മാര്‍ക്കോ ഇവയിലൊന്നും ഒരു പങ്കുമില്ല. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ അന്നും ഇന്നും മനസ്സ് കൊണ്ട് ആഗ്രഹിക്കാത്തതാണ് വിഭജനവും തുര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും. ഉത്തരേന്ത്യന്‍ കുടുംബങ്ങളില്‍ പലരുടെയും അടിവേര് പാകിസ്ഥാനിലും പല പാകിസ്ഥാനികളുടേതും ഇന്ത്യയിലുമാണ്. ഈ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചു സൗഹാര്‍ദത്തില്‍ കഴിയാനാണ് ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. അതിനുള്ള വഴി ആരായുകയാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യേണ്ടത്.
വിഭജനത്തിന്റെ മുറിപ്പാടുകളില്‍ ഉപ്പ് തേക്കുകയല്ല, അതില്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ആവശ്യം. നേതൃതലങ്ങളില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സഹിഷ്ണുതയിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണ് അനുരഞ്ജനത്തിന്റെ പാത. പാക്പൗരന്മാര്‍ ഇന്ത്യാ സന്ദര്‍ശനത്തിന് വരുമ്പോള്‍, അവരെ മാന്യമായി സ്വീകരിക്കുകയാണ് വിവേകവും സൗഹൃദവും ആഗ്രഹിക്കുന്നവര്‍ വേണ്ടത്. ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കളിക്കാര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ബന്ധം ഊഷ്മളമാക്കുന്നതില്‍ പങ്ക് വഹിക്കാനാകും. സാംസ്‌കാരിക പരിപാടികളിലെയും കലാകായിക രംഗങ്ങളിലെയും സൗഹൃദം ഭരണ രാഷ്ട്രീയ മേഖലകളിലും സൗഹൃദം ശക്തിപ്പെടുത്തുകയും സമാധാന ചര്‍ച്ചകളില്‍ ഗുണഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും. ഈ മാര്‍ഗേണ നീങ്ങാനുള്ള വിവേകം പ്രകടിപ്പിക്കുന്നതിന് പകരം അയല്‍ രാഷ്ട്രത്തിലെ അതിഥികള്‍ക്കെതിരെ ബാലിശമായ വികാരക്ഷോഭങ്ങള്‍ പ്രകടിപ്പിക്കുന്നത് കൂടുതല്‍ അകല്‍ച്ച സൃഷ്ടിക്കാനേ ഉപകരിക്കൂ.
അപക്വമായ പാക് വിരോധത്തിലൂടെയല്ല രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടത്. രാജ്യത്തിന്റെ മഹത്തായ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിലൂടെയാണ്. വിദേശിയെ മാന്യമായി സ്വീകരിക്കുകയും ആതിഥ്യമരുളുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും. ആ മഹത്തായ സംസ്‌കൃതിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചെയ്തികളാണ് ശിവസേന പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തടയിടാന്‍ ഭരണതലത്തില്‍ നിന്ന് ശക്തമായ നടപടികള്‍ ആവശ്യമാണ്.

Latest