Connect with us

National

മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ ചട്ടം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ഏറെ സങ്കീര്‍ണമായ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്രവനം പരിസ്ഥിതി വകുപ്പ്. ഇതിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തിനായി കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ പുതിയ ചട്ടങ്ങള്‍ ഡിസംബറില്‍ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അടുത്ത ഡിസംബര്‍ മാസത്തില്‍ പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണത്തിലും നിര്‍മാര്‍ജനത്തിലും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ ചട്ടങ്ങള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ രാജ്യത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള കൃത്യമായ പദ്ധതികള്‍ ഇല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ കണ്ടത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അറിയിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്കും 184 നഗരങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന ഉപയോഗത്തെ തുടര്‍ന്ന് മലിനമാകുന്ന 62,000 ദശലക്ഷം ലിറ്റര്‍ ജലത്തില്‍ 40000 ദശലക്ഷം ലിറ്ററിലധികം ജലവും പകുതിയിലധികം ശുദ്ധീകരിക്കാതെ ശുദ്ധജലസ്രോതസ്സുകളായ നദികളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കിവിടുകയാണ്. പദ്ധതിയുടെ ഭാഗമായി അത് നിരീക്ഷിക്കാന്‍ വ്യവസായ സ്ഥാപനങ്ങളിലും വന്‍കിട പാര്‍പ്പിട സമുച്ചയങ്ങളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കാവുന്ന സംവിധാനവും ഉണ്ടാക്കും. മാലിന്യസംസ്‌കരണം സംബന്ധിച്ച കര്‍മ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ബന്ധമായും സമര്‍പ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കുന്ന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും മാലിന്യ നിര്‍മാര്‍ജനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ പല സംസ്ഥാനങ്ങളിലും മാലിന്യപ്രശ്‌നം പരിഹരിക്കാനാകാതെ സങ്കീര്‍ണമായി തുടരുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം