ആണവായുധങ്ങള്‍ വികസിപ്പിച്ചത് ഇന്ത്യയെ നേരിടാനെന്ന് പാക്കിസ്ഥാന്‍

Posted on: October 21, 2015 5:34 am | Last updated: October 21, 2015 at 12:35 am
SHARE

കറാച്ചി: പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചത് ഇന്ത്യയെ നേരിടാനെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി. പ്രഹര ശേഷി കുറഞ്ഞ ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ വികസിപ്പിക്കുന്നുണ്ട്. ഇത് നല്ല ബന്ധത്തിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ തണുപ്പിച്ച് നിര്‍ത്തുന്ന ഇന്ത്യക്കുള്ള പ്രതികരണമെന്ന നിലയിലാണ്. യുദ്ധം ഉണ്ടാക്കാനല്ല, ഒഴിവാക്കാനാണ്.
ഭയപ്പെടുത്തി നിര്‍ത്തി ഇന്ത്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് അതെന്നും ചൗധരി പറഞ്ഞു.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അമേരിക്കന്‍ പര്യടനത്തോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവായുധങ്ങള്‍ പുതുതായി വികസിപ്പിക്കുന്നതിന് ഇതാദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പരസ്യമായ വിശദീകരണം വരുന്നത്.
നവാസ് ശരീഫിന്റെ യു എസ് സന്ദര്‍ശനത്തിനിടെ ആണവ കരാറില്‍ ഒപ്പു വെക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നാളെയാണ് ശരീഫ്- ഒബാമ കൂടിക്കാഴ്ച.
പാക്കിസ്ഥാനുമായി ആണവ കരാറിലെത്താന്‍ അമേരിക്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള 123 കരാറിന്റെ മാതൃകയിലുള്ള കരാറിനായിരുന്നു അമേരിക്ക സമ്മര്‍ദം ചെലുത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here