അമിത വേഗക്കാരെ കുടുക്കാന്‍ മൊബൈല്‍ റഡാറുമായി പോലീസ്‌

Posted on: October 20, 2015 8:13 pm | Last updated: October 20, 2015 at 8:13 pm
SHARE

ദുബൈ: അമിതവേഗക്കാരെ കുടുക്കാന്‍ പട്രോള്‍ കാറുകളില്‍ ഘടിപ്പിക്കാവുന്ന മൊബൈല്‍ റഡാര്‍ സംവിധാനം ആവിഷ്‌കരിച്ചതായി ദുബൈ പോലീസ് വ്യക്തമാക്കി. പട്രോള്‍ കാറിന് സമീപത്തുകൂടെ അമിതവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോയാല്‍ മൊബൈലില്‍ റഡാറില്‍ തനിയെ പതിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശനത്തിനായി പോലീസ് ഒരുക്കിയ ലെക്‌സസ് ആര്‍ സി എഫ് വാഹനത്തിലാണ് മൊബൈല്‍ റഡാര്‍ ഘടിപ്പിച്ചിരിക്കുന്നത്.അധികം വൈകാതെ ദുബൈ പോലീസ് പട്രോളിംഗിനായി ഉപയോഗിക്കുന്ന മുഴുവന്‍ ഫോര്‍വീല്‍ ഡ്രൈവുകളിലും ഇത് സ്ഥാപിക്കാനാണ് ആലോചന.
അമിതവേഗം ഉള്‍പെടെയുള്ള തെറ്റായ റോഡ് സംസ്‌കാരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നടപടിയെന്ന് ട്രാഫിക് ടെക്‌നോളജീസ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ ഹുസൈന്‍ അഹ്മദ് ബിന്‍ ഗലീത്ത വ്യക്തമാക്കി. വേഗപരിധി പാലിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകണം. അതിനുള്ള ഫലപ്രദമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദുബൈ പോലീസിന്റെ ശേഖരത്തില്‍ ഇത്തരത്തില്‍ ഒരു റഡാര്‍ മാത്രമേയുള്ളൂവെന്നും എത്ര വാഹനങ്ങളിലാണ് ഇവ സ്ഥാപിക്കേണ്ടത് എന്നത് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന വ്യക്തമാക്കി.
റഡാറിന്റെ ഭാഗമായ ക്യാമറ പട്രോള്‍ വാഹനത്തിന്റെ ഡാഷ് ബോര്‍ഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ റഡാറിന്റെ സെന്‍സറും ഫഌഷും വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് അടിയിലാണുള്ളത്. പ്രത്യക്ഷത്തില്‍ പൊതുജനത്തിന് കാണാനാവില്ലെന്നതിനാല്‍ ഏത് വാഹനത്തിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നതെന്ന് എളുപ്പം കണ്ടെത്താനാവില്ല. പട്രോള്‍ വാഹനത്തിനകത്ത് ഇരിക്കുന്ന ഓഫീസര്‍ വാഹനം സഞ്ചരിക്കുന്ന റോഡിന്റെ വേഗപരിധി ടാബ്‌ലെറ്റില്‍ സെറ്റ് ചെയ്താല്‍ മാത്രം മതിയാകും. ഇതിന് ശേഷം ആ റോഡിലൂടെ സഞ്ചരിക്കുന്ന അമിതവേഗക്കാരെ പിടികൂടുന്ന പ്രവര്‍ത്തി മൊബൈല്‍ റഡാര്‍ നടത്തും. ചില ആളുകളുടെ സംശയം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എങ്ങനെയാണ് വേഗപരിധി തിരിച്ചറിയാനാവുക എന്നാണ്. പട്രോള്‍ വാഹനത്തിന്റ വേഗം മുന്‍കൂട്ടി സെറ്റ് ചെയ്യാനാവുമെന്നതിനാല്‍ആ വേഗം അന്യ വാഹനങ്ങളുടെ വേഗപരിധി കണക്ക് കൂട്ടുന്നതില്‍ വീഴ്ച വരില്ല.
അമിത വേഗത്തില്‍ സഞ്ചരിക്കുന്ന കാര്‍ റഡാറില്‍ പതിഞ്ഞാല്‍ വാഹന ഉടമക്ക് പിഴ രേഖപ്പെടുത്തിയ നോട്ടീസ് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ പട്രോള്‍ വാഹനത്തിന്റെ ടാബില്‍നിന്ന് അയക്കും. ചെറു വാഹനങ്ങളെയും ഇടത്തരം വാഹനങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് മൊബൈല്‍ റഡാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അല്‍ മസീന പറഞ്ഞു.