Connect with us

Wayanad

പ്രചാരണത്തിന് തീവ്രത പകര്‍ന്ന് നേതാക്കളെത്തി; ഇടത്-വലത് ക്യാമ്പുകള്‍ സജീവമായി

Published

|

Last Updated

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീവ്രത പകര്‍ന്ന് ദേശീയ സംസ്ഥാന നേതാക്കളുടെ സാന്നിധ്യം. ഇടത് വലത് ക്യാമ്പുകള്‍ സജീവമായി. ഇരുപത്തിനാലിന് എം ടി രമേശത്തുന്നതോടെ ബിജെപി പാളയവും ആവേശത്തിലാകും.
സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞയുടന്‍ തന്നെ യുഡിഎഫിന്റെ പ്രചാരണത്തിന് കരുത്ത് പകരാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എല്‍ ഡി എഫിനായി എം എ ബേബിയും എത്തിയത് അണികള്‍ക്കിടയില്‍ പുതിയ ഉണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്.
യു ഡി എഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടുന്ന നേതാക്കളുടെ പട തന്നെയാണ് ചുരം കയറി എത്താന്‍ പോകുന്നതെങ്കില്‍ എല്‍ ഡി എഫിന് വേണ്ടി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെയുള്ള കരുത്തരായ നേതാക്കളാണ് എത്താനിരിക്കുന്നത്. ഈ വാരം അവസാനിക്കുന്നതിന് മുന്നേ തന്നെ തിരഞ്ഞെടുപ്പിന്റെ ആവേശം അതിന്റെ പാരമ്യതയിലെത്തും. പ്രചാരണരംഗത്ത് കുറഞ്ഞ സമയദൂരമുള്ളതിനാല്‍ ഏറ്റവുമാദ്യം മുന്നിലെത്താനാണ് അങ്കത്തട്ടിലുള്ള സ്ഥാനാര്‍ഥകളുടെ ലക്ഷ്യം.
സ്ഥാനാര്‍ഥികളെല്ലാം തന്നെ വോട്ടര്‍മാരുടെ പിറകെയാണ്.
യു ഡി എഫിന്റെ ശക്തി ദുര്‍ഗമെന്നാണ് വയനാട് അറിയപ്പെടുന്നത്. മുപ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ 27 എണ്ണവും ഇപ്പോള്‍ യു ഡി എഫിന്റെ പക്കലാണ്. അതേസമയം എല്‍ ഡി എഫിന്റെ കയ്യിലുള്ള മൂന്ന് പഞ്ചായത്തുകളില്‍ ഭരണസമിതിക്കകത്ത് വലിയ പൊട്ടലും ചീറ്റലുമൊന്നും കാര്യമായി ഉണ്ടായിട്ടില്ല. എന്നാല്‍ യു ഡി എഫിലേത് വിഭിന്നമാണ്. വെള്ളമുണ്ട, പൊഴുതന, പൂതാടി എന്നിവടങ്ങളില്‍ വിഴുപ്പലക്കലും തൊഴുത്തില്‍കുത്തലുമെല്ലാം വലിയവര്‍ത്തകളാണ് സൃഷ്ടിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ വലിയ അട്ടമറി വിജയങ്ങളുണ്ടാകാനിടയുള്ളതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് വിമതരുടെ നീക്കങ്ങളെയും രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നു. വിമതപ്പടയില്‍ മിക്കവരും പ്രമുഖരായതിനാല്‍ ഒരു ബലാബലത്തിന് വലിയ സാധ്യതായാണുള്ളത്. മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാന അവസരവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരു അവസരവും നല്‍കിയിട്ടുണ്ട്. ഈ ഉഗ്രശാസനം കേട്ട് എത്രപേര്‍ ഓടിയൊളിക്കുമെന്നാണ് ഇനി അറിയാനുള്ളത്. അതേസമയം വലിയമുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് വാദിക്കുന്ന ബിജെപിക്കും ഈ തിരഞ്ഞെടുപ്പില്‍ കാര്യമായി മത്സരരംഗത്തിറങ്ങാനായിട്ടില്ല. ജില്ലാ പഞ്ചായത്തിലേക്ക് മാത്രമാണ് മുഴുവന്‍ സീറ്റിലും ബിജെപി മത്സരിക്കുന്നത്. എസ്എന്‍ഡിപിയുടെ സഹായം ഒപ്പമുള്ളതിനാല്‍ ബിജെപി പലയിടങ്ങളില്‍ പുതിയ അക്കൗണ്ട് തുറക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest