Connect with us

Wayanad

പെരുമാറ്റച്ചട്ടം: താലൂക്ക്തല സ്‌ക്വാഡ് രൂപവത്കരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥപാനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ താലൂക്ക്തല സ്‌ക്വാഡ് രൂപവത്കരിച്ചു. സ്‌ക്വാഡുകളുടെ ഫോണ്‍ നമ്പര്‍-സുല്‍ത്താന്‍ ബത്തേരി: 854761650. മാനന്തവാടി: 8547616701. വൈത്തിരി: 8547616601 പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദേ്വഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ, ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കരുത്.
സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, നഗരസഭയില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തുകളില്‍ 200 മീറ്ററിനുള്ളിലും വോട്ടെടുപ്പ് ദിനത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുക, ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ സമ്മതിദായകനെ പ്രേരിപ്പിക്കുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ് സ്റ്റേഷനിലേയ്ക്കും അവിടെ നിന്ന് തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കും.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയ രീതികള്‍ അവലംബിക്കരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും തുല്യ അവസരം നല്‍കണം. പ്രതേ്യക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതു സ്ഥലവും മാറ്റിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ ഉറപ്പുവരുത്തണം.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ നോട്ടീസ് നല്‍കേതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിയ്ക്കണം. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കണം.

Latest