ചോരക്കു കറുപ്പു നിറം

Posted on: October 20, 2015 5:51 am | Last updated: October 19, 2015 at 8:54 pm
SHARE

fascismതദ്ദേശ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലെയും കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി വാര്‍ഡുകളിലെയും വല്ല കാഞ്ഞിരക്കുറ്റികളിലെങ്കിലും തളച്ചില്ലെങ്കില്‍ ഇവന്മാരും ഇവളുമാരും തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കും ഒക്കെ നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും ഒക്കെ നടന്നു കയറേണ്ട പടവുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നു നേതൃത്വം സംശയിക്കുന്ന എല്ലാ പ്രാദേശിക ഭൂതങ്ങളെയും പ്രധാന പാര്‍ട്ടികള്‍ ഇതിനകം തളച്ചുകഴിഞ്ഞു. ഈ സ്ഥാന -ആര്‍ത്തികളെ ഇനി എന്തുചെയ്യണമെന്നു ജനം തീരുമാനിക്കും. വല്ല്യ വല്ല്യ വര്‍ത്തമാനമൊക്കെ പറയുമെങ്കിലും ഈ ജനം ശുദ്ധ കഴുതകളാണെന്ന് ഈ കഴുതപ്പുറത്തു സവാരി ചെയ്തുകൊണ്ടിരിക്കുന്ന നേതാക്കള്‍ക്കറിയാം. കഴുതയുടെ വിചാരം താനാണ് പുറത്തു സവാരി ചെയ്യുന്ന ഇരുകാലി ജന്തുവിനെ മുന്നോട്ടുനയിക്കുന്നത് എന്നാണ്. ആ വിചാരം അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് കഴുതപ്പുറത്ത് സഞ്ചരിക്കുന്നവന്‍ കഴുതയെ അയാള്‍ക്ക് ബോധിച്ച വഴിയിലൂടെ നയിക്കുന്നു. അതല്ലേ സത്യം?
തൊലിയുടെ നിറം, നെറ്റിയിലെ ചന്ദനക്കുറി, കൈത്തണ്ടയിലെ വര്‍ണച്ചരടുകള്‍, കുരിശും കൊന്തയും, തൊപ്പിയും തലേക്കെട്ടും- ഇതൊക്കെയാണിപ്പോള്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍. തൊലിപ്പുറമെ മാത്രമല്ല തൊലിക്കുള്ളിലും ഇത്തരം ജാതി അടയാളങ്ങള്‍ സൂക്ഷിക്കുന്നവരുടെ ഭൂരിപക്ഷം നോക്കി കേരളത്തിലെ ഓരോ പശ്ചായത്ത് വാര്‍ഡും വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയം ആളുകള്‍ക്ക് മടുത്തു. മടുക്കാത്തത് അധികാരക്കസേരകളില്‍ കണ്ണുംനട്ടു കഴിയുന്ന നേതാക്കള്‍ക്കു മാത്രം. മതേതരത്വം, സോഷ്യലിസം ഇതൊന്നും പറയാതിരിക്കുന്നതാണ് ഭേദം. മതേതരത്വം എന്നാല്‍ മതവിരോധമാണെന്നും സോഷ്യലിസം മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായ ഏതോ ഒരു പഴയ നാണയമാണെന്നും ഉള്ള പൊതുധാരണ ഏറെക്കുറെ പ്രബലമായിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ കാശിക്കു പോയിട്ടു കാര്യമില്ല. അവിടെ ഇതിലും വഷളാണ് കാര്യങ്ങള്‍. പിന്നെ അത്തരക്കാര്‍ക്ക് ആലോചിക്കാവുന്നത് വല്ല ചൊവ്വയിലേക്കോ മറ്റോ ഉള്ള ഒരു കുടിയേറ്റത്തെക്കുറിച്ചായിരിക്കും.
ആസന്ന തിരഞ്ഞെടുപ്പില്‍ ഈ വക വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്ന് ചാനല്‍ചര്‍ച്ചകള്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.പിന്നെ എന്തൊക്കെയാണ് വിഷയങ്ങള്‍? തുടക്കത്തില്‍ വാര്‍ഡ് വിഭജനമായിരുന്ന തര്‍ക്കവിഷയം-ഭരണകക്ഷി ഓരോ വാര്‍ഡിനെയും അവരുടെ കട്ടിലില്‍ കിടത്തി വലിച്ചുനീട്ടിയും വെട്ടിമുറിച്ചും ഒക്കെ പതിവുപോലെ പരുവപ്പെടുത്തി. പിന്നാലെ വന്നു വെള്ളാപ്പള്ളി നടേശന്‍, അമിത്ഷാ കൂട്ടുകെട്ട്. ഗര്‍ഭാവസ്ഥയിലുള്ള പുതിയ ഹിന്ദു ഭൂരിപക്ഷപാര്‍ട്ടിയുടെ കാഹളം വിളി ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. കെ വേണു മുതല്‍ എന്‍ എം പിയേഴ്‌സണ്‍ വരെയുള്ള ഇടതു ബുദ്ധിജീവികളെയും മാധവന്‍ നായര്‍ മുതല്‍ രാഹുല്‍ ഈശ്വര്‍ വരെയുള്ള വലതു ബുദ്ധിജീവികളെയും വിളിച്ചുകൂട്ടി പിതാവും പുത്രനും പരസ്യമായി ബുദ്ധിയുപദേശം തേടി. പക്ഷേ, അവര്‍ നല്‍കിയ ഉപദേശങ്ങളത്രയും രഹസ്യമായി ഇപ്പോഴും കണിച്ചുകുളങ്ങരയില്‍ തന്നെ സൂക്ഷിക്കുന്നു.
പിന്നാക്ക സമുദായ ക്ഷേമബോര്‍ഡില്‍ നിന്നും രണ്ട് ശതമാനം പലിശക്ക് പണം വാങ്ങി 12 ശതമാനം പലിശക്ക് പിന്നാക്ക സമുദായങ്ങള്‍ക്കു നല്‍കുന്ന ഏര്‍പ്പാടിനെയാണ് ഈ മൈക്രോഫിനാന്‍സ് എന്നു പറയുന്നതെന്ന കാര്യം വി എസ് അച്യുതാനന്ദന്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഈ ശ്രീ നാരായണ ധര്‍മപരിപാലനത്തിനു മാത്രമായി ജീവിതം ഒഴിഞ്ഞുവെച്ച അച്ഛന്റെയും മകന്റെയും ചെവിക്ക് മുകളിലൂടെ ആരോപണങ്ങളുടെ വെടിയുണ്ട ചീറിപ്പാഞ്ഞു. സമുദായത്തിന്റെ ആള്‍ബലത്തിനു ആനുപാതികമായി തങ്ങള്‍ക്കു സ്‌കൂളും കോളജും ഒന്നും ലഭിച്ചില്ലെന്ന സദാ കരഞ്ഞു കൂവിനടക്കുന്ന നടേശന്‍ അനുവദിച്ചുകിട്ടിയ സ്‌കൂളുകളിലും കോളജുകളിലും നടത്തിയ നിയമനത്തിനു വാങ്ങിയ കോടികളുടെ കണക്കും പുറത്തുവന്നു. കൂനിന്മേല്‍ കുരു എന്നതുപോലെ ദാ വരുന്നു ശാശ്വതികാനന്ദയുടെ മരണത്തിനു പിന്നിലെ ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ അച്ഛനും മകനും നടത്തിയ ഇടപെടലുകളെക്കുറിച്ചു ശ്രീനാരായണ ധര്‍മവേദിയുടെ ബിജു രമേശന്‍ ഉന്നയിച്ച ആക്ഷേപം. കൂടെക്കിടക്കുന്നവന്നല്ലേ രാപനി അറിയൂ. നടേശനും രമേശനും ജന്മനാ ശ്രീനാരായണീയരാണ്. കള്ളുചെത്ത് കുലത്തൊഴിലായി സ്വീകരിച്ച കേരളത്തിലെ പാവപ്പെട്ട ഈഴവരോട് ഇപ്പണി നിര്‍ത്തി മറ്റു വല്ല മാന്യമായ പണികളും ചെയ്തു ജീവിക്കണമെന്ന് നാരായണ ഗുരുദേവന്‍ പറഞ്ഞു എന്നത് സത്യമാണ്. എന്നാല്‍ കള്ളുകച്ചവടം നടത്തി ധനസംമ്പാദനം ചെയ്യരുതെന്നു ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്ന കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനും തുഷാറും മാത്രമല്ല ബിജു രമേശനും സംശയമൊന്നുമില്ല. രണ്ടുപേരും കള്ളുകച്ചവടം എന്ന പാരമ്പര്യ തൊഴില്‍ നിര്‍ത്താനൊന്നും ഒരുക്കമല്ല.കള്ളും ശ്രീനാരയണീയരും തമ്മിലുള്ള നാഭീനാളബന്ധം കേരളം ഉണ്ടാകുന്നതിനു മുമ്പ് തുടങ്ങിയതാണ്. ഇവരൊക്കെ സ്വന്തം പേരിലും ബിനാമി പേരുകളിലും നാട്ടിലുടനീളം നടത്തുന്ന കച്ചവടത്തിന്റെ വിശദാംശങ്ങള്‍ കണ്ണുള്ള നാട്ടുകാരെല്ലാം കാണുന്നതാണ്.
ഏതു കച്ചവടവും അതു തേയിലയാകട്ടെ, റബ്ബറാകട്ടെ സ്‌കൂളോ, കോളജോ, ബാറോ ഏതു തന്നെയായാലും ലാഭകരമാകണമമെങ്കില്‍ രാഷ്ട്രീയാധികാരത്തിന്റെ ഒത്താശ മാത്രം മതിയെന്നായിരുന്നു അടുത്തകാലം വരെ നമ്മളൊക്കെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ധാരണ മാറിയിരിക്കുന്നു. അധികാരികളുടെ ഒത്താശയല്ല അധികാരം തന്നെ വേണമെന്ന തിരിച്ചറിവ് നാട്ടിലെ മിക്ക കച്ചവടക്കാര്‍ക്കും ഉണ്ടായിരിക്കുന്നു. അതിന്റെ കൂടെ വിളംബരപ്പെടുത്തലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടിയെ അണിയറയില്‍ അണിയിച്ചൊരുക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്.
ബി ജെ പി -എസ് എന്‍ ഡി പി സഖ്യം വന്നാല്‍ അരുവിക്കര ആവര്‍ത്തിക്കപ്പെടുമെന്നും തന്റെ മുഖ്യമന്ത്രിക്കസേരക്കിളക്കം വരികയില്ലെന്നും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയിലെ പരിശുദ്ധ ഗീവര്‍ഗീസ് സഹദായെ സാക്ഷിയാക്കി ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ പുതിയ രാഷ്ട്രീയ നീക്കങ്ങളെ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അപലപിക്കുന്ന പ്രമേയം പാസ്സാക്കാനുള്ള വി എം സുധീരന്റെ പരിശ്രമം വിഫലമായത്. അങ്ങനെ വല്ലതും സംഭവിച്ചു പോയാല്‍ സുധീരന്റെ സ്ഥാനാരോഹണം വീണ്ടും വൈകുമെന്നതില്‍ അദ്ദേഹത്തെക്കാളേറെ ഉത്കണ്ഠ അദ്ദേഹത്തിന്റെ ഗ്രൂപ്പിനുണ്ട്. അതിനാല്‍ ഉമ്മന്‍ ചാണ്ടി സംഘത്തിന്റെ സ്വപ്‌നങ്ങളെ കടവിലടുപ്പിക്കാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പുകള്‍ വിജയകരമായി പ്രയോഗിക്കും എന്ന പ്രത്യാശ പുലര്‍ത്തുന്നവരാണ് കോടിയേരിയുടെയും കാനത്തിന്റെയും ഒക്കെ ഇടതുപക്ഷപാര്‍ട്ടികള്‍.
ഇതൊക്കെ ആലോചിക്കുമ്പോള്‍ വെള്ളാപ്പള്ളി ബാന്ധവം തങ്ങളുടെ ഉള്ള കഞ്ഞിയില്‍ പാറ്റ വീഴിക്കുമോ എന്ന ആശങ്കയാണ് ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തെ ഇപ്പോള്‍ അലട്ടുന്നത്. കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. വീണ്ടും ജാതിക്കാര്‍ഡ് ഇറക്കി കളിക്കുക. വടക്കേന്ത്യയില്‍ പരീക്ഷിച്ചു ജയിച്ച ഈ കളി ഇവിടെ ഇന്നല്ലെങ്കില്‍ നാളെ ജയിക്കുമെന്നാണ് ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളുടെ പുതിയ കണ്ടെത്തല്‍.
ഒരു കാലത്ത് ഹീനജാതിക്കാരെ അകറ്റിനിര്‍ത്തി അവരെക്കൊണ്ട് വീടുപണി ചെയ്യിച്ചാണ് സവര്‍ണ ഹിന്ദുതമ്പുരാക്കന്മാര്‍ സുഖജീവിതം ആസ്വദിച്ചിരുന്നതെങ്കില്‍ ഇന്ന് ഹീനജാതിക്കാരെ ഒപ്പം നിര്‍ത്തി ഹിന്ദു ഐക്യത്തിന്റെ പ്രണവമന്ത്രം ഉരുവിടുന്നതാണ് ഇന്ത്യ പിടിക്കാനുള്ള എളുപ്പവഴി എന്നു കണ്ടെത്തിയത് നാഗ്പൂരിലെ ദേശസ്‌നേഹികളായിരുന്നല്ലോ. അതിപ്പോള്‍ തിരിഞ്ഞുകുത്തുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗാന്ധിജി ഗോക്കളെ വധിക്കരുതെന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഇപ്പോഴിതാ ഹിന്ദു ഐക്യവേദിക്കാര്‍ ഗോമാംസം ഭക്ഷിക്കുന്നവര്‍ ഇന്ത്യ വിട്ടു പുറത്തുപോകണം; അല്ലെങ്കില്‍ പരസ്യമായി അടിച്ചു കൊല്ലുമെന്നു പറയാന്‍ ധൈര്യപ്പെട്ടിരിക്കുന്നു. ലോകം മുഴുവന്‍ ഓടിനടന്ന പുതിയ ഇന്ത്യയുടെ പ്രതിച്ഛായ പ്രചരിപ്പിക്കുന്ന നരേന്ദ്ര മോദിക്കു പരിഷ്‌കൃതലോകത്തിന്റെ മുമ്പില്‍ മുഖത്തു മുണ്ടിട്ടു മാത്രമേ നടക്കാനാകൂ എന്ന അവസ്ഥ സംജാതമായിരിക്കുന്നു. തങ്ങളാവശ്യപ്പെടുന്നവരുടെ എല്ലാം തല വെട്ടി താലത്തില്‍ വെച്ചു തന്നില്ലെങ്കില്‍ തങ്ങളുടെ മന്ത്രിമാരെപ്പോലും പിന്‍വലിച്ചു പ്രതിഷേധിക്കും എന്നു പറയാന്‍ മാത്രം തന്റേടം ശിവസേന ആര്‍ജിച്ചിരിക്കുന്നു. വരാന്‍ പോകുന്ന കറുത്ത നാളുകളെ മുന്നില്‍ കണ്ടുകൊണ്ട് മഹത്തായ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകളിലൂടെ ആദരിക്കപ്പെട്ട സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ ക്യൂ നില്‍ക്കുന്നു. ആ ക്യൂവില്‍ സ്ഥാനം പിടിക്കുന്നതിനു പകരം എം മുകുന്ദനെപ്പോലെയും പി വത്സലയെപ്പോലെയും ഒക്കെയുള്ള ചില മലയാള എഴുത്തുകാര്‍ ‘ഞഞ്ഞ പിഞ്ഞ’ വര്‍ത്തമാനം പറയുന്നതു കേള്‍ക്കുമ്പോള്‍ ചിന്താശേഷി നശിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കു ഛര്‍ദിക്കാന്‍ തോന്നുന്നത് സ്വാഭാവികം മാത്രം.
1969-മുതല്‍ ബി ജെ പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരു മാര്‍ക്‌സിസ്റ്റുകാരനായിരുന്നു സുധീന്ദ്രകുല്‍ക്കര്‍ണി. എസ് എന്‍ ഡി പി എന്ന പാലത്തിലൂടെ കേന്ദ്ര ഭരണകക്ഷിയായ ബി ജെ പിയില്‍ ചേക്കേറാന്‍ പേരുകൊടുത്തിട്ടുള്ള മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ അതേ അനുഭവം തന്നെയായിരിക്കും.”നീതര്‍ എ ഹ്വേക്ക് നോറെ ഡൗ”ഒരു കഴുകനുമല്ല പ്രാവും അല്ല എന്ന മലയാളം. പാക്കിസ്ഥാന്റെ മുന്‍ വിദേശമന്ത്രി കുര്‍ശിദ് മഹ്മൂദ് കസൂരി ഇന്ത്യാ-പാക് വിദേശനയ സമീപനങ്ങളെ മുന്‍നിര്‍ത്തി എഴുതിയ പുസ്തകത്തിനു മാന്യമായ ഒരു പ്രകാശനചടങ്ങ് സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയതിന്റെ പേരിലാണ്. ഇപ്പോഴും ബി ജെ പി സഹയാത്രികനായി പൊതുപ്രവര്‍ത്തനം നടത്തുന്ന സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ കറുത്ത പെയിന്റ് ഒഴിച്ചത്. ഒഴിച്ചതു കറുത്ത പെയിന്റല്ല ദേശസ്‌നേഹികളുടെ രക്തമാണെന്നു ശിവസേന. ദേശസ്‌നേഹം മുഴുഭ്രാന്തായി മാറുമ്പോള്‍ അത്തരക്കാരുടെ രക്തവും കറുത്ത പെയിന്റ് പോലെ ആകുമായിരിക്കും! ആര്‍ക്കറിയാം, ശിവസേനയും മറ്റും പറയുന്ന ഈ ദേശസ്‌നേഹം എന്തു മണ്ണാങ്കട്ടയാണെന്ന്!.
നമ്മുടെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മാത്രമല്ല വരാന്‍ പോകുന്ന അനേകതിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചാവിഷയമാകേണ്ട രാഷ്ട്രീയ വിഷയങ്ങളാണിതൊക്കെ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം നമുക്കു രാഷ്ട്രീയത്തെ പേടിയാണ്. മറ്റുള്ളവരെ അരാഷ്ട്രീയക്കാരെന്നു ആക്ഷേപിക്കുന്ന രാഷ്ട്രീയ കക്ഷികള്‍പ്പോലും മനഃപൂര്‍വം രാഷ്ടീയ വിഷയങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചു ജനത്തെ അരാഷ്ട്രീയതയുടെ പുല്ലും വെള്ളവും കാട്ടി മാടുകളെപ്പോലെ അറവുശാലകളിലേക്കു നയിക്കുന്നു.
അന്ധമായ ദേശീയവാദം, മുന്‍പില്‍ നോക്കാത്ത വികസന തന്ത്രങ്ങള്‍, ജാതി, മത, വര്‍ഗീയ ശക്തികളുമായുള്ള ഒളിസേവ ഇത്തരം അരാഷ്ട്രീയ വിഷയങ്ങളില്‍ ജനത്തെ തളച്ചിടാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു താത്പര്യം. മുന്നാക്ക-പിന്നാക്ക പേരും പറഞ്ഞുള്ള ധ്രുവീകരണം തന്റെതൊഴികെയുള്ള എല്ലാ ജാതിമത സമുദായങ്ങളും തന്റെ ശത്രുവാണെന്ന ധാരണ പുലര്‍ത്തുക. ഇതൊക്കെയല്ലേ ഇന്നു പുരോഗമിക്കുന്നത്? മതനിരപേക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുപോയാല്‍ അവര്‍ കൊലയാളികളാണെന്ന പ്രതീതി സൃഷ്ടിക്കുക, കൊലപാതകവും കോടതികയറലും ശിക്ഷിക്കപ്പെടലും വിട്ടയക്കലും ഒക്കെ എതിര്‍കക്ഷിക്കു മാത്രം ബാധകമെന്നു കരുതുക, അഴിമതി ആരോപണം തെളിവു സഹിതം ഉന്നയിച്ചാല്‍ പണ്ടു നിങ്ങളും ഇതൊക്കെ തന്നെയല്ലേ ചെയ്തതെന്നു തിരിച്ചു ചോദിക്കുക, ധനസമ്പാദനം അത് ഏതുതരത്തിലുള്ളതായാലും അഭിനന്ദനീയം. ഇതൊക്കെയാണ് നമ്മുടെ മാധ്യമങ്ങളിലൂടെ ഇതിനകം മലയാളി പഠിച്ചുറച്ച പൊതുവിജ്ഞാനം. ഈ പാഠങ്ങളൊന്നും ഒറ്റയടിക്കുമറക്കാന്‍ ആര്‍ക്കാണ് കഴിയുക. മാത്രമല്ല പുതിയപാഠങ്ങള്‍ ഒന്നും പഠിക്കാന്‍ നമുക്കൊട്ടു നേരവും ഇല്ല.
(ഫോണ്‍ 9446268581)

LEAVE A REPLY

Please enter your comment!
Please enter your name here