പ്രചാരണം കൊഴുക്കുമ്പോള്‍

Posted on: October 20, 2015 4:49 am | Last updated: October 19, 2015 at 8:51 pm
SHARE

രാജ്യത്തിനാകെ മാതൃകയായ തദ്ദേശ സ്വയംഭരണ സംവിധാനമാണ് കേരളത്തിലേത്. എന്തൊക്കെ വിമര്‍ശങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കിലും ത്രിതല പഞ്ചായത്ത് സംവിധാനം അതിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നിലകൊള്ളുന്ന ഏക സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ അടുത്ത മാസം രണ്ടിനും അഞ്ചിനുമായി നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് രാജ്യമാകെ ഉറ്റു നോക്കുകയാണ്. കേരളത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പിന് വര്‍ധിച്ച പ്രാധാന്യമുണ്ട്. പുതിയ പ്രവണതകളും കൂട്ടുകെട്ടുകളും മാറിമാറിഞ്ഞ രാഷ്ട്രീയ ബന്ധങ്ങളും അവബോധങ്ങളുമെല്ലാം ജനങ്ങളുടെ കോടതിയില്‍ സമര്‍പ്പിക്കപ്പടുകയാണ്. ഒപ്പം ദേശീയ തലത്തില്‍ സംജാതമാകുന്ന അസഹിഷ്ണുതയുടെയും അരക്ഷിതാവസ്ഥയുടെയും സവിശേഷ സാഹചര്യവും. എന്നാല്‍ ആത്യന്തികമായി പ്രാദേശിക വികസന പ്രശ്‌നങ്ങളും മുന്‍ഗണനകളും ആശങ്കകളും തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. സ്ഥാനാര്‍ഥിയുടെ രാഷ്ട്രീയ മേല്‍വിലാസത്തിനപ്പുറം വ്യക്തിവൈശിഷ്ട്യവും കാര്യക്ഷമതയും ജനകീയതയും ഉരക്കല്ലാകുന്ന മറ്റൊരു തിരഞ്ഞെടുപ്പില്ല.
സാമാന്യം തിരക്കേറിയ സമയക്രമമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനുള്ളത്. പ്രചാരണത്തിനും തയ്യാറെടുപ്പിനും സമയം കുറഞ്ഞു പോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിഭവമുണ്ട്. പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപവത്കരിക്കാനുള്ള നിര്‍ദേശം കോടതി കയറിയതോടെയാണ് തിരഞ്ഞെടുപ്പ് നീണ്ടുപോയത്. ഇപ്പോള്‍ ചിത്രം വ്യക്തമായിരിക്കുന്നു. 75,549 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. ഇതില്‍ 38,268 പേര്‍ സ്ത്രീകളാണ്. ഇനി തീഷ്ണമായ പ്രചാരണത്തിന്റെ നാളുകളാണ്. തെരുവുകള്‍ മുഖരിതമായിത്തുടങ്ങി. ഫഌക്‌സുകളും ബാനറുകളും കൊടി തോരണങ്ങളുമാണെങ്ങും. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും യോഗങ്ങളും തരാതരം നടക്കുന്നു. ഒപ്പം ഓരോ വോട്ടറെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള തത്രപ്പാടും. സാമൂഹിക മാധ്യമങ്ങളിലും പ്രാചരണം കൊഴുക്കുകയാണ്.
ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഈ കോലാഹലങ്ങള്‍ക്കും കൊണ്ടാടലുകള്‍ക്കും ഇടയിലൂടെ കടന്ന് പോകുന്നതെന്ന് ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും അതിന്റെ മേല്‍നോട്ടം വഹിക്കുന്നവരും ഗതി നിര്‍ണയിക്കുന്നവരും ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരേണ്ടത്. അഞ്ച് വര്‍ഷം ഭരിച്ച വ്യക്തികളും കക്ഷികളും മുന്നണികളും കൃത്യമായ വിലയിരുത്തപ്പെടണം. പ്രതിപക്ഷം അവരുടെ പങ്ക് നിര്‍വഹിച്ചോ എന്നും പരിശോധിക്കണം. നാടിന്റെ വികസനവും സുസ്ഥിതിയും സമാധാനവും സാധ്യമാക്കാന്‍ ഇവര്‍ക്കുള്ള കാഴ്ചപ്പാടുകളെന്ത് എന്ന് അന്വേഷിക്കണം. ഭാവിയിലേക്കുള്ള രൂപരേഖകള്‍ ഈ ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നുവരണം. ഇങ്ങനെ ഫലപ്രദമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ആരോഗ്യകരമായ വാദപ്രതിവാദങ്ങളുമായി പ്രചാരണം മുന്നേറുമ്പോള്‍ അത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന, തിരുത്തുന്ന പ്രക്രിയയായി മാറും. ഓരോ വ്യക്തിയെയും അത് സ്പര്‍ശിക്കുകയും ചെയ്യും.
എന്നാല്‍ തന്ത്രങ്ങള്‍ക്കാണ് പ്രചാരണത്തില്‍ മുന്‍തൂക്കം ലഭിക്കാറുള്ളത്. പെട്ടെന്ന് പൊട്ടിവീഴുന്ന ഏതോ ഒരു വിഷയത്തിലേക്ക് മൊത്തം പ്രചാരണം ചുരുങ്ങിപ്പോയേക്കും. അല്ലെങ്കില്‍ ഒരു നേതാവിന്റെ നിരുത്തരവാദപരമായ പ്രസ്താവനയുടെയോ പരാമര്‍ശത്തിന്റെയോ പിറകേ പോകും. വ്യക്തികളുടെ വിലയിരുത്തലിനപ്പുറം വ്യക്തിഹത്യയിലേക്ക് പ്രചാരണം കൂപ്പുകുത്തും. അപകടകരമായ വിമര്‍ശങ്ങള്‍ നിറയും. അഭ്യൂഹങ്ങള്‍ പടച്ചുവിടും. അവിശുദ്ധ കൂട്ടുകെട്ടുകള്‍ പിറക്കും. കൈയാങ്കളിയും സംഘര്‍ഷങ്ങളുമാകും ആത്യന്തിക ഫലം. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ തീവ്രമല്ലെങ്കിലും പണാധിപത്യം ഇവിടെയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കുതന്ത്രങ്ങള്‍ കൊണ്ടൊന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിക്കുകയും അവര്‍ പറയുന്നത് എന്തും വിഴുങ്ങുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയവത്കരിക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. പ്രശ്‌നാധിഷ്ഠിതമാണ് അവരുടെ പിന്തുണ. വോട്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ പ്രബുദ്ധരാണ്. ഏത് കള്ളത്തരവും പുറത്ത് കൊണ്ടുവരാന്‍ ജാഗരൂകമായ മാധ്യമ ലോകവും ഇന്നുണ്ട്. ആയിരക്കണക്കായ പുതിയ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നുണ്ട്. അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. തൊഴില്‍, വിദ്യാഭ്യാസം, വികസനം തുടങ്ങിയവ സംബന്ധിച്ചാണ് അവരുടെ ആശങ്കകള്‍.
ഇക്കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞുള്ള പ്രചാരണ പ്രവര്‍ത്തനമാണ് രാഷ്ട്രീയ പാര്‍ട്ടികളും സഖ്യങ്ങളും രൂപപ്പെടുത്തേണ്ടത്. അത് ശാന്തവും ഗൗരവ പൂര്‍ണവുമാകട്ടെ. അധിക്ഷേപങ്ങളും ആക്രോശവുമില്ലാത്ത, ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന, അര്‍ഹര്‍ മാത്രം ജയിച്ചുവരാനുതകുന്ന ഒരു പ്രചാരണ കാലം സാധ്യമാകട്ടെ. അപ്പോള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാഠങ്ങളായി മാറും. മണ്ഡലങ്ങള്‍ ആരുടെയും കുത്തകയല്ലാതാകും. അപ്പോള്‍ മാത്രമേ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അന്തസ്സത്ത പുലരുകയുള്ളൂ.