ഷാര്‍ജയില്‍ പൊതുഗതാഗതത്തിന് കൂടുതല്‍ ബസുകള്‍

Posted on: October 19, 2015 6:36 pm | Last updated: October 19, 2015 at 6:36 pm
SHARE

dfg (1)ഷാര്‍ജ: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ പുതുതായി നിരവധി ബസുകള്‍ സര്‍വീസ് തുടങ്ങി. ഷാര്‍ജ പൊതുഗതാഗത വകുപ്പാണ് സര്‍വീസിനായി പുതിയ ബസുകള്‍ ഏര്‍പെടുത്തിയത്. ആധുനിക സൗകര്യങ്ങളുള്ള ലക്ഷ്വറി ബസുകളാണ് നിരത്തിലിറക്കിയത്. അടുത്തിടെ ബസുകള്‍ ഓട്ടം ആരംഭിച്ചു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്കുപുറമെ അജ്മാനിലേക്കും മറ്റും പുതിയ ബസുകള്‍ ഓടുന്നുണ്ട്. എമിറേറ്റിന്റെ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ബസ് സൗകര്യം ഏറെ ആശ്വാസമായത്.
അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്നും റോള പാര്‍ക്കിലെ സ്റ്റേഷനില്‍ നിന്നും രാത്രി വൈകുംവരേയും ബസുകള്‍ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്കിപ്പോള്‍ അധികനേരം കാത്തിരിക്കേണ്ടി വരുന്നില്ല. അവധി ദിവസങ്ങളിലായിരുന്നു ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തതിനാല്‍ ഏറെ വിഷമിച്ചിരുന്നത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ക്ക് യാത്രക്കാര്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ചൂടുകാലത്ത് യാത്രക്കാര്‍ ഇതുമൂലം ഏറെ വലഞ്ഞിരുന്നു.
എന്നാല്‍ പുതിയ നിരവധി ബസുകള്‍ സര്‍വീസ് തുടങ്ങിയതോടെ ഈ കാത്തിരിപ്പിന് അറുതി വന്നിരിക്കുകയാണ്. എമിറേറ്റിന്റെ ഏതുഭാഗത്തേക്ക് പോകണമെങ്കിലും ഇപ്പോള്‍ അധികം കാത്തിരിക്കാതെ യാത്രക്കാര്‍ക്ക് ബസുകള്‍ ലഭിക്കും. ഇതാകട്ടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ വന്‍ തിരക്കാണ് ബസുകളില്‍ അനുഭവപ്പെടുന്നത്. അവധി ദിനങ്ങളിലാണ് ഏറെ തിരക്കും. ബസുകളില്‍ കയറാനായി യാത്രക്കാരുടെ നീണ്ട നിരകളാണ് രൂപപ്പെടാറുള്ളത്. വരുമാനം കുറഞ്ഞവരും തൊഴിലാളികളടക്കമുള്ളവരുമാണ് പ്രധാനമായും ബസുകളെ ആശ്രയിക്കുന്നത്. അവധി ദിനങ്ങളില്‍ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പ്രധാന നഗരമായ റോളയിലെത്തും. എന്നാല്‍ തിരികെ പോകാന്‍ ആവശ്യമായ യാത്രാസൗകര്യമില്ലാതെ അവര്‍ വിഷമിക്കും. രാത്രി ഏറെ വൈകിയും യാത്രക്കാരുടെ നിര ബസ് സ്റ്റോപ്പുകളില്‍ കാണാറുണ്ട്. ഭീമമായ വാടക നല്‍കി ടാക്‌സിയില്‍ തങ്ങളുടെ താമസസ്ഥലങ്ങളിലെത്തിപ്പെടാന്‍ ഗതിയില്ലാത്തവരാണ് അധികം പേരും. ഇത്തരക്കാര്‍ക്ക് ബസ് സൗകര്യം കിട്ടിയത് ഏറെ ഗുണകരമായി. ബസ് സൗകര്യം കുറഞ്ഞത് അധികൃത-അനധികൃത ടാക്‌സികള്‍ക്ക് കൊയ്ത്തായിരുന്നു.അതേസമയം ഷാര്‍ജയില്‍ ടാക്‌സികളുടെ മിനിമം യാത്രാനിരക്ക് വര്‍ധിപ്പിച്ചത് ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും. ഇതോടെ ബസ് യാത്രക്കാരുടെ എണ്ണവും കൂടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പെടുത്തേണ്ടി വരും. കിലോമീറ്ററിന് 11.50 ദിര്‍ഹമാണ് പുതിയ നിരക്ക്. നേരത്തെ 10 ദിര്‍ഹമായിരുന്നു. നിരക്ക് വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയായിരിക്കും. ജീവിതച്ചിലവ് വര്‍ധനവ് മൂലം വിഷമിക്കുന്ന പ്രവാസികളടക്കമുള്ളവര്‍ക്ക് നിരക്ക് വര്‍ധനവ് തിരിച്ചടിയാണ്. പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കി വരുന്നത്. ഗതാഗത സൗകര്യം കൂടുന്നതിനും വന്‍ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വന്‍ റോഡ് വികസനമാണ് നടക്കുന്നത്.