Connect with us

Gulf

ജൈറ്റക്‌സ് സാങ്കേതിക വാരത്തിന് പ്രൗഢമായ തുടക്കം

Published

|

Last Updated

ദുബൈ: ജൈറ്റക്‌സ് സാങ്കേതികവാരത്തിന്റെ 35-ാമത് എഡിഷന് പ്രൗഢമായ തുടക്കം. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭാവി നഗരങ്ങളുടെ മുഖ്യ അജണ്ടയാവുന്ന ഇന്റര്‍നെറ്റ് ഭാവി എല്ലാവര്‍ക്കും എന്ന പ്രമേയത്തില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരം 22 വരെ നീളും. മൊബൈല്‍ ആപ്‌സ്, ഇ- ഗവണ്‍മെന്റ്, ഡ്രോണ്‍, ത്രീഡി പ്രിന്റിംഗ്, റോബോട്ടിക് തുടങ്ങിയവയാണ് മുഖ്യചര്‍ച്ചയാവുന്നത്. സഊദി അറേബ്യയാണ് ഈ വര്‍ഷത്തെ കേന്ദ്ര രാജ്യം. സഊദിയില്‍ നിന്ന് നിരവധി കമ്പനികള്‍ എത്തിയിട്ടുണ്ട്.
വിവര സാങ്കേതിക രംഗത്തെ ഏറ്റവും വലിയ പ്രദര്‍ശനമായി ജൈറ്റക്‌സ് ഇതിനകം മാറിയിട്ടുണ്ട്. ലോകത്തിന്റെ ഒട്ടുമുക്കാല്‍ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കാളിത്തം വഹിക്കുന്നു. യു എ ഇ പ്രഖ്യാപിച്ച ഇന്നൊവേഷന്‍ ഇയറിന്റെ ഭാഗമായി വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഡിപാര്‍ട്‌മെന്റുകളും വിവര സാങ്കേതിക, എം-ഗവണ്‍മെന്റ് മേഖലയില്‍ നടത്തിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ എമിറേറ്റുകളുടെയും വിശാലമായ പവലിയനുകള്‍ക്ക് പുറമെയാണ് പ്രധാന വകുപ്പുകള്‍ ആകര്‍ഷകമായ രീതിയില്‍ പവലിയന്‍ ഒരുക്കിയത്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളുടെ പവലിയനില്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ശേഷം കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പ്രമുഖ വ്യക്തിത്വങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രദര്‍ശനം കാണാനെത്തിയിരുന്നു.
ദുബൈ ഗവണ്‍മെന്റിന്റെ 22 വകുപ്പുകള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി വികസിപ്പിച്ച ആപ്പുകളും മറ്റും വിശദീകരിക്കുന്നതിനാണ് സ്റ്റാളുകള്‍ മുഖ്യ പരിഗണന നല്‍കുന്നത്. “ദുബൈ നൗ” എന്ന വിഭാഗത്തില്‍ ബില്ലുകള്‍ അടക്കല്‍, ഹൗസിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, നിയമ സേവനം, ആരോഗ്യം, ഡ്രൈവിംഗ്, വിസ, വിദ്യാഭ്യാസം, ഇസ്‌ലാമിക വിഭാഗം, പബ്ലിക് സര്‍വീസ് തുടങ്ങിയവയിലുള്ള പുതിയ സേവനങ്ങളുമായി വിവിധ വകുപ്പുകള്‍ ഏകോപനത്തോടെയാണ് പ്രദര്‍ശനത്തിനെത്തിയത്.

Latest