Connect with us

National

ശിവസേനയുടെ ഭീഷണി; ഇന്ത്യ- പാക് ക്രിക്കറ്റ് ചര്‍ച്ച റദ്ദാക്കി

Published

|

Last Updated

മുംബൈ/ ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളില്‍ ബി സി സി ഐ ആസ്ഥാനത്ത് ശിവസേനയുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള (പി സി ബി) ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു. പി സി ബിയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സ്ഥിരീകരിച്ചു. ബി സി സി ഐയുമായുള്ള ചര്‍ച്ചകള്‍ക്കായി പി സി ബി ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ മുംബൈയിലെത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധവുമായി ശിവസേന രംഗത്തെത്തിയത്.
ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി പി സി ബി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എഴുപതോളം വരുന്ന ശിവസേനാ പ്രവര്‍ത്തകര്‍ മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ശശാങ്ക് മനോഹറിന്റെ ഓഫീസിലെത്തിയ ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശശാങ്ക് മനോഹറിനും ഷെഹരിയാര്‍ ഖാനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടന്നേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതുണ്ടായില്ല. ഡല്‍ഹിയില്‍ വെച്ച് ഔദ്യോഗികമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഏതെങ്കിലുംവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെങ്കില്‍ അത് ബി സി സി ഐ ആസ്ഥാനത്തായിരിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ബി സി സി ഐ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തണമെന്ന് പി സി ബി ചെയര്‍മാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അത് റദ്ദാക്കിയതായും അനുരാഗ് താക്കൂര്‍ പറഞ്ഞു. ശിവസേനയുടെ പ്രതിഷേധത്തില്‍ ബി ജെ പി. എം പി കൂടിയായ അനുരാഗ് താക്കൂര്‍ അപലപിച്ചു. ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം അനുവദിക്കില്ലെന്ന് സേനാ വിഭാഗ് പ്രമുഖ് പാണ്ഡുരംഗ് സക്പാല്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ശിവസേനയുടെ പത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധ പ്രകടനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് മുംബൈ പോലീസ് അധികൃതര്‍ പറഞ്ഞു. പി സി ബിയുമായുള്ള ചര്‍ച്ചകള്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ ബി സി സി ഐയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്ഷണിച്ചു.
ശശാങ്ക് മനോഹറാണ് ഷെഹരിയാര്‍ ഖാനെ ചര്‍ച്ചക്കായി ക്ഷണിച്ചത്. ഖാന് പുറമെ പി സി ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി നജം സേതിയും മുംബൈയില്‍ എത്തിയിരുന്നു. ദുബൈയില്‍ നടന്ന ഐ സി സി യോഗത്തിനിടെ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത് വിവാദമായതിനു പിന്നാലെയാണ് ബി സി സി ഐ- പി സി ബി ചര്‍ച്ച തടസ്സപ്പെടുത്തിയത്.