മുസ്‌ലിം പരിപാടിക്ക് നൂറണി അഗ്രഹാരത്തില്‍ ക്ഷണിക്കാനെത്തിയവരെ ആര്‍ എസ് എസ് നേതൃത്വത്തില്‍ തടഞ്ഞു

Posted on: October 19, 2015 10:04 am | Last updated: October 19, 2015 at 10:04 am
SHARE

പാലക്കാട്: എന്ത് കൊണ്ട് ഇസ് ലാം എന്ന തലക്കെട്ടില്‍ 25 ന് രാവിലെ 10 ന് പാലക്കാട് മോത്തി മഹള്‍ ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കാനായി നൂറണി അഗ്രഹാരത്തിലെത്തിയ സംഘത്തെ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം. 25 ന് നടക്കുന്ന പരിപാടിയില്‍ അഗ്രഹാരത്തിലെ മതേതര വാദികളായവരെകൂടി പങ്കെടുപ്പിക്കാനായി നോട്ടീസുമായി എത്തിയ ആറംഗ സംഘത്തേയാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ ഒരു വിഭാഗം തടഞ്ഞത്. അഗ്രഹാരത്തില്‍ മത പരിവര്‍ത്തനം നടത്താനാണ് ശ്രമമെന്നാരോപിച്ച് വര്‍ഗീയവത്കരിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം. എന്നാല്‍ ബഹളത്തിനിടയിലും അഗ്രഹാരത്തിലെ പലരും നോട്ടീസ് കൈപ്പറ്റുകയും വരാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞ് പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്ഥലത്തെത്തുകയും ആര്‍എസ്എസ് ആവശ്യപ്രകാരം ആറംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നു. പുതുനഗരം സ്വദേശി റിയാസ്, കൊല്ലങ്കോട് സ്വദേശി ഹിദായത്തുല്ല, കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, റിയാസുദീന്‍, ഫാഹി അഹമ്മദ്, മുഹമ്മദ് യൂസഫ് എന്നിവരേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. നൂറണി അഗ്രഹാരത്തിനു സമീപം ആള്‍ ഇന്ത്യ തൗഹീദ് ജമാ അത്ത് എന്ന പേരില്‍ എന്ത് കൊണ്ട് ഇസ്ലാം എന്ന തലക്കെട്ടോടെയുള്ള നോട്ടീസാണ് വിതരണം ചെയ്തത്. തുടര്‍ന്ന് ആര്‍എസ്എസ് അനു’ാവികളായ ഒരു സംഘം അത് തടസ്സപ്പെടുത്തുകയും നോട്ടീസ് വിതരണം ചെയ്തവരെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ടൗണ്‍ സൗത്ത് പോലിസ് സ്ഥലത്തെത്തുകയും നോട്ടീസ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. അതേസമയം ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് ഇവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആര്‍എസ്എസ് പിന്തുണയോടെ ഒരു സംഘം പോലിസിനോട് ആവശ്യപ്പെട്ടത്. അതേസമയം മതസംഘര്‍ഷമുണ്ടാക്കാനോ സൗഹാര്‍ദ്ദം തകര്‍ക്കാനോ നോട്ടീസ് വിതരണം ചെയ്തവര്‍ ശ്രമിച്ചിട്ടില്ലെന്നും ആര്‍ എസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും പോലിസ് അതിന് കൂട്ടുനില്‍ക്കുകയുമായിരുന്നെന്ന് ഒരു വിഭാഗം ഗ്രാമവാസികള്‍ പറഞ്ഞു. അതേസമയം യു ഡി എഫുകാരാണ് നോട്ടീസ് വിതരണം ചെയ്യാന്‍കോയമ്പത്തൂരില്‍ നിന്ന് ആളുകളെ കൊണ്ടുവന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാജയഭീതി പൂണ്ട യു ഡി എഫിന്റെ വര്‍ഗീയത സൃഷ്ടിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തെ എല്‍ ഡി എഫ് 32, 39 വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here