Connect with us

Malappuram

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ യു ഡി എഫില്ല

Published

|

Last Updated

തിരൂരങ്ങാടി: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ യുഡി എഫ് ഇല്ല. തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി എന്നീ പഞ്ചായത്തുകളിലാണ് യു ഡി എഫ് തകര്‍ന്നിട്ടുള്ളത്. മറ്റു പഞ്ചായത്തുകളിലും റിബലുകളുടെ അരങ്ങേറ്റം രൂക്ഷമാണ്.
നന്നമ്പ്ര പഞ്ചായത്തില്‍ മുസ്‌ലിംലീഗ് തനിച്ചാണ് മത്സരിക്കുന്നത്. ഒരു വാര്‍ഡിലും ഇവിടെ കോണ്‍ഗ്രസ് ലീഗിനൊപ്പമില്ല. ഇവിടെ അഞ്ച് വാര്‍ഡുകളില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് കൈപത്തി ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്.
രണ്ട് ചേരികളിലായിരുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഒന്നായിട്ടുണ്ട്. ഇടത് മുന്നണിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥികളായും ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസുകാര്‍ രംഗത്തുണ്ട്. തെന്നല പഞ്ചായത്തിലും ലീഗും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുകയാണ്. ഇവിടെയും ഇടത്പക്ഷത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ മുന്നണിക്കാണ് കോണ്‍ഗ്രസിന്റെ പിന്തുണ.പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും വഴി പിരിഞ്ഞിരിക്കുകയാണ്. എടരിക്കോട് പഞ്ചായത്തില്‍ പത്രിക പിന്‍വലിക്കുന്ന അവസാന ഘട്ടത്തിലാണ് തര്‍ക്കം തീര്‍ക്കുന്നത്.
മറ്റു പഞ്ചായത്തുകളിലും യു ഡി എഫ് സംവിധാനമുണ്ടെങ്കിലും പലതവണ ചര്‍ച്ച ചെയ്ത് തീരുമാനമാവാതെ അവസാന നിമിഷമാണ് തീര്‍പ്പായത്. എന്നിട്ടും പലവാര്‍ഡിലും പരസ്പരം റിബലുകള്‍ രംഗത്തുണ്ട്. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പലവാര്‍ഡുകളിലും ലീഗിന്റേയും മറിച്ചും റിബലുകള്‍ സജീവരംഗത്തുണ്ട്.
സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനോട് കടുത്ത അവഗണനയാണ് കാണിച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് അണികള്‍ പറയുന്നു. മണ്ഡലത്തില്‍ പുതുതായി രൂപവത്കരിക്കപ്പെട്ട രണ്ട് നഗരസഭകളിലും മുമ്പ് പഞ്ചായത്ത് ആയിരുന്ന സമയത്തുണ്ടായിരുന്ന പരിഗണന ഇപ്പോള്‍ ഉണ്ടായിട്ടില്ലത്രെ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ്-കോണ്‍ഗ്രസ് മുന്നണിക്ക് കനത്ത ആഘാതമാകുമെന്ന് നേതാക്കള്‍ക്ക് ആശങ്കയുണ്ട്.