മാനസിക വൈകല്യമുള്ള കുട്ടികള്‍ അവഗണനയുടെ തീരാ ദുരിതത്തില്‍

Posted on: October 19, 2015 9:44 am | Last updated: October 19, 2015 at 9:44 am

മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ കടലാസിലൊതുങ്ങുന്നതായി ആക്ഷേപം. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ജില്ലാതല ജനറല്‍ബെഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ അധികൃതരുടെ അവഗണന വിവരിച്ചത്.
മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉത്തരവുകളുണ്ടായിട്ടും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങളാണ് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഈ വിഭാഗത്തിന് വേണ്ടി പണം നീക്കിവെക്കേണ്ടത്. നീക്കി വെച്ച ഫണ്ട് ചെലവഴിച്ചില്ലെങ്കിലും നടപടിയൊന്നുമുണ്ടാകില്ലെന്നത് കാരണം പല പഞ്ചായത്തുകളും മാനസിക വൈകല്യമുള്ളവരോട് കരുണ കാണിക്കാന്‍ തയ്യാറാകുന്നില്ല. പട്ടി ജാതി പട്ടിവ വര്‍ഗവിഭാഗക്കാരുടെ ക്ഷേമത്തിനായി നീക്കി വെച്ച ഫണ്ട് ഉപയോഗപ്പെടുന്നില്ലെങ്കിലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇത്തരക്കാരുടെ പേരില്‍ ഉണ്ടാകില്ലെന്നത് പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുകയാണ്. ചോദിക്കാനും പറയാനും ആളില്ലാത്തത് കാരണമാണ് തങ്ങളുടെ മക്കളോട് ഈ അവഗണന കാണിക്കുന്നതെന്ന് ജനറല്‍ ബോഡിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഭിന്നശേഷിയുള്ള കുട്ടിക്ക് പ്രതിവര്‍ഷം 19200 രൂപ പഠനത്തിനും സ്‌കോളര്‍ഷിപ്പിനുമായി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് 2014 നവമ്പറിലാണ് പുറത്തിറങ്ങിയത്. ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 25 ശതമാനം വീതവുമാണ് പദ്ധതിക്കായി നല്‍കേണ്ടത്.
എന്നാല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സമീപനം കാരണം പലര്‍ക്കും ഇതൊന്നും ലഭിക്കാറില്ല. ജില്ലയില്‍ അര ലക്ഷത്തോളം മാനസിക വൈകല്യമുള്ള കുട്ടികളുണ്ട്. അവര്‍ക്ക് 18 വയസ് വരെ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും അതിന് ശേഷം അവരെ പുനരധിവസിപ്പിക്കാനുള്ള സൗകര്യം വലിയ തോതില്‍ ജില്ലയിലില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ ജില്ലയില്‍ എട്ടെണ്ണം മാത്രമേയുള്ളൂ.
സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ കീഴില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കനായി ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ ആകെയുള്ളത് മൂന്നെണ്ണം മാത്രമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തപ്പെടുന്ന സ്‌പെഷല്‍ സ്‌കൂളുകളിലെ കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്നും 18 വയസു കഴിഞ്ഞിട്ടും കുട്ടികളെ പോലെ വീടുകളില്‍ ഒതുങ്ങി കഴിയുന്നവര്‍ കണക്കുകളില്‍ നിന്നെല്ലാം പുറത്താകുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്‌പെഷല്‍ അയല്‍ക്കൂട്ടങ്ങള്‍ പലപ്പോഴും ഗൗരവത്തില്‍ നടക്കാറില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് തന്നെ എട്ട് ലക്ഷത്തോളമാണ് ഭിന്നശേഷിക്കാരെങ്കിലും പലപ്പോഴും തങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചോ അവകാശങ്ങളെ കുറിച്ചോ പലര്‍ക്കും അറിവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാറിനെ കുറിച്ച് ബോധവത്കരണമില്ലാത്ത അവസ്ഥയുമുണ്ട്. സംഘപരിവാര്‍ എന്ന് മാത്രം കേട്ട് ശീലിച്ചവര്‍ പരിവാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം തിരിക്കുന്ന അവസ്ഥയുമുണ്ടെന്ന് സംഘാടകര്‍ തുറന്ന് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആശാ കിരണ്‍ സ്‌പെഷല്‍ സ്‌കൂളില്‍ നടന്ന പരിപാടി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
പരിവാര്‍ പ്രസിഡന്റ് തെക്കയില്‍ രാജന്‍ അധ്യക്ഷത വഹിച്ചു.എം സുകുമാരന്‍,മൂസ അറക്കല്‍ വിഷയം അവതരിപ്പിച്ചു.പ്രൊഫ കോയട്ടി, പി മുഹമ്മദ്, ബാലന്‍ കാട്ടുങ്ങല്‍, സിക്കന്ദര്‍,മന്‍സൂര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.