സരോവരം ബൈപ്പാസില്‍ പന്നിശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

Posted on: October 19, 2015 9:42 am | Last updated: October 19, 2015 at 9:42 am
SHARE

കോഴിക്കോട്: സരോവരം ബൈപ്പാസില്‍ പന്നിശല്യം കൂടുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നഗരത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന എരഞ്ഞിപ്പാലത്തേക്കുള്ള പ്രധാനപ്പെട്ട ഈ ബൈപ്പാസില്‍ ഏതാനും ദിവസങ്ങളിലായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കുമാണ് പന്നിശല്യം അപകടഭീഷണിയായിരിക്കുന്നത്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ദൂരെ നിന്ന് ഇവയെ കാണാന്‍ കഴിയാത്തത് വാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വൈകുന്നേരങ്ങളിലും രാത്രികളിലുമാണ് സരോവം ബൈപ്പാസില്‍ പന്നികളെ കാണുന്നത്. ബൈപ്പാസില്‍ ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ടില്‍ തള്ളുന്ന മാലിന്യക്കൂമ്പാരമാണ് ഇവിടെ പന്നിശല്യം കൂടുന്നതിന് കാരണം. അനധികൃതമായി ആളുകള്‍ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യം വാഹനങ്ങളിലെത്തി വലിച്ചെറിയുകയാണ്. ഇതോടെയാണ് പന്നിയുടെയും, നായ്ക്കളുടെയും ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയായിത്തുടങ്ങിയത്. തെരുവ് നായ്ക്കളുടെ ആക്രമണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ നായ്ക്കളെ നിയന്ത്രിക്കുന്ന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഭാഗങ്ങളില്‍ നായ്ക്കളെകൂടാതെ പന്നിയുടെയും ശല്യമുണ്ടാകുന്നത് ജനങ്ങളെ വലക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here