മണിചെയിന്‍ വീണ്ടും സജീവമാകുന്നു; ലക്ഷ്യമിടുന്നത് കോടികളുടെ തട്ടിപ്പ്

Posted on: October 19, 2015 5:11 am | Last updated: October 18, 2015 at 11:13 pm
SHARE

download (1)ചാവക്കാട്: തീരദേശ മേഖല കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിന്‍ തട്ടിപ്പു നടത്തിയ സംഘങ്ങള്‍ ഇടവേളക്കു ശേഷം വീണ്ടും സജീവമാകുന്നു. 1978-ലെ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിംഗ് ആക്ട് പ്രകാരം മണിചെയിന്‍ ഇടപാടുകള്‍ നിരോധിച്ചിട്ടുള്ളതാണെങ്കിലും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എന്നിങ്ങനെ ഓമനപ്പേരുകളിലാണ് കൂണുപോലെ മണിചെയിനുകള്‍ പ്രത്യക്ഷപ്പെടുന്നത്. യഥാര്‍ഥ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളില്‍ ചേര്‍ന്ന് പണം നഷ്ടപ്പെട്ടവരാണ് പെട്ടെന്ന് പണമുണ്ടാക്കാന്‍ മറ്റുവഴികള്‍ തേടുന്നത്. സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, ബിസിനസുകാര്‍, അധ്യാപകര്‍, തൊഴിലാളികള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ മണിചയിന്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ചെറിയ അധ്വാനം കൊണ്ട് അതിവേഗം സമ്പന്നരാകാമെന്ന് വാഗ്ദാനം ചെയ്ത് വ്യക്തിത്വ വികസന ക്ലാസുകള്‍ നല്‍കിയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ ഇരകളെ വശീകരിക്കുന്നത്. നിലവിലുള്ള വരുമാനവും ജോലിയും കളയാതെ ഒഴിവുള്ള സമയം മാത്രം ചെലവഴിച്ച് വന്‍ സാമ്പത്തിക അഭിവൃദ്ധി നേടാമെന്നും സമൂഹത്തില്‍ അറിയപ്പെടുന്നവനാകാമെന്നും മറ്റും പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ കുരുക്ക് മുറുക്കുന്നത്. പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും മണിചെയിന്‍ സ്‌കീമുകളില്‍ ചേര്‍ന്നവര്‍ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുമ്പോള്‍ നിയമ സംവിധാനങ്ങള്‍ കബളിപ്പിക്കപ്പെട്ടവര്‍ക്ക് തുണയാകുന്നില്ല. തൃശൂര്‍ ജില്ലയില്‍ മണിചെയിന്‍ തട്ടിപ്പിനെതിരേ നടക്കുന്ന അന്വേഷണങ്ങള്‍ എങ്ങുമെത്താത്ത നിലയിലായ സാഹചര്യത്തിലാണ് പുതിയ വാഗ്ദാനങ്ങളുമായി ഏജന്റുമാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
പല മേഖലകളിലും വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സ്റ്റഡിക്ലാസുകളും സെമിനാറുകളും നടക്കുന്നത്. കുടുംബ സംഗമങ്ങള്‍ നടത്തി ഭാര്യയും ഭര്‍ത്താവും മക്കളും ഉള്‍പ്പെടെയുള്ളവരെ കെണിയില്‍ വീഴ്ത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നുവരുന്നത്. തീരദേശ മേഖല കേന്ദ്രീകരിച്ച് മണിചെയിന്‍ തട്ടിപ്പുകാര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മണിചെയിനിനെതിരേ ഉയരുന്ന പരാതി വ്യാജമാണെന്നും ജീവിത സുരക്ഷയും പണവും ലഭിക്കുന്നത് തടയാനുള്ള നീക്കമാണെന്നും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, മണിചെയിന്‍ ഇടപാടുകാര്‍ അംഗങ്ങളെ വിശ്വസിപ്പിക്കുകയാണ്. വന്‍തുക നഷ്ടപ്പെട്ടവര്‍ എല്ലാം തിരിച്ചെടുക്കാനായി മണിചെയിന്‍ മാര്‍ക്കറ്റിംഗില്‍ വീണ്ടും കണ്ണിചേരുമ്പോള്‍ പുതിയൊരു തട്ടിപ്പിന്റെ മുഖമാണ് പ്രത്യക്ഷമാകുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്‍ ബിസിനസുകാരും പോലീസ് ഉദ്യോഗസ്ഥരും റിട്ട. ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പ് സംഘങ്ങളില്‍ പെടുന്നത് ജനങ്ങള്‍ക്ക് വ്യാജ കമ്പനികളെക്കുറിച്ചുള്ള വിശ്വാസം ദൃഢമാകാന്‍ ഇടവരുത്തുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് തീരദേശ മേഖലയിലുള്ളവര്‍ക്ക് നഷ്ടമായിരുന്നത്. വഞ്ചിതരായവര്‍ നിരവധി കേസുകള്‍ കൊടുത്തെങ്കിലും തുടരന്വേഷണം നിലച്ച മട്ടാണ്. മണിചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വീണ്ടും സജീവമാകുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.