Connect with us

Articles

സ്ത്രീകളും ജയിലറകളും

Published

|

Last Updated

ലോകത്തെ 219 രാജ്യങ്ങളിലെ ജയിലുകളിലുള്ള സ്ത്രീകളുടെ കണക്ക് ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ക്രിമിനല്‍ പോളിസി റിസര്‍ച്ച് സംഘടന പുറത്ത് വിട്ടിരിക്കുന്നു. ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ ഏഴ് ലക്ഷത്തോളം സ്ത്രീകള്‍ വിവിധ ജയിലുകളില്‍ കഴിയുന്നു എന്ന കാര്യം ആധുനിക സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂര്‍ത്തീഭാവങ്ങളായ സ്ത്രീകള്‍ ഈയാംപാറ്റകളെ പോലെ ജയിലറകളിലേക്ക് ആനയിക്കപ്പെടുന്ന സാഹചര്യം രാജ്യങ്ങള്‍ പ്രത്യേകം പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു. പണ്ടുകാലങ്ങളില്‍ കുറ്റവാസന വളരെ അപൂര്‍വമായി കണ്ടിരുന്ന സ്ത്രീസമൂഹത്തില്‍ എങ്ങനെയാണ് പരസ്പര വിദ്വേഷത്തിന്റെ ബോധപൂര്‍വങ്ങളായ കുറ്റവാസനകള്‍ കടന്നുവന്നത് എന്ന കാര്യം സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പരിശോധിച്ച് ഭരണാധികാരികളുമായി ഇടപെടല്‍ നടത്തി പരിഹരിക്കേണ്ട ഒരു പ്രശ്‌നമായി വളര്‍ന്നുവന്നിരിക്കുന്നു.
ലോകത്ത് കുറ്റവാളികള്‍ പെരുകിക്കൊണ്ടിരിക്കുന്നു. കുറ്റവാളിയായി നമ്മുടെ മനസ്സില്‍ പുരുഷന്മാരുടെ മാത്രം ചിത്രം ഉണ്ടായിരുന്ന പഴയകാലം വിസ്മൃതിയിലേക്ക് പോകുന്നു. കടുത്ത ശിക്ഷവാങ്ങി ജയിലറകളില്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നു. പുരുഷന്മാരുടെ എണ്ണം ജയിലുകളില്‍ പ്രതിവര്‍ഷം 20 ശതമാനം മാത്രം വര്‍ധിക്കുമ്പോള്‍ സ്ത്രീകളുടെ എണ്ണം 50 ശതമാനമായി വര്‍ധിക്കുന്നു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിയമപരമായ ചട്ടക്കൂടുകളില്‍ നിന്നും സ്ത്രീസമൂഹത്തിലെ ഒരു വിഭാഗം കുതറിമാറി, തെറ്റായി വഴിയിലൂടെ സഞ്ചരിക്കുന്നു എന്ന് ജയിലുകളിലെ സ്ത്രീ അന്തേവാസികളുടെ എണ്ണം പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. പുതിയ കാലഘട്ടത്തില്‍ സ്ത്രീ കുറ്റവാളികള്‍ പെരുകുന്നു എന്നത് പുതിയ തലമുറക്ക് കൈമോശം വന്ന പലകാര്യങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. സമൂഹത്തിന്റെയും ഭരണാധികാരികളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്‌നമായി ജയിലറകളിലെ സ്ത്രീകളുടെ വര്‍ധനവ് മാറിക്കഴിഞ്ഞിരിക്കുന്നു.
വിവിധ രാജ്യങ്ങളിലെ ജയിലറകളിലെ വനിതകളുടെ എണ്ണം പുറത്ത് വന്നപ്പോഴാണ് വീടിനുള്ളില്‍ ഒതുങ്ങിക്കഴിയുന്നവരിലും കുറ്റവാസനകള്‍ പടര്‍ന്ന് പന്തലിക്കുന്നു എന്ന കാര്യം ബോധ്യമായത്. കൂടാതെ കുറ്റവാളികളായ വനിതകളുടെ പ്രായപരിധി 18നും 50നും ഇടയിലാണ് എന്ന കാര്യം സ്ത്രീകളിലെ യുവസമൂഹത്തിലാണ് കുറ്റവാളികള്‍ കുടിവരുന്നത് എന്ന് വ്യക്തമാക്കുന്നു. ധാര്‍മിക മൂല്യച്യുതിയും ലക്ഷ്യപ്രാപ്തിയില്ലായ്മയും വഴിവിട്ട ജീവിതവും എല്ലാം കൂടി ഒത്തുചേരുമ്പോള്‍ ജയിലറകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശന കവാടം ഒരുങ്ങുന്നു. ലോകത്ത് പ്രതിവര്‍ഷം 44,000 സ്ത്രീകള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നു കൂടി കൂട്ടിവായിക്കുമ്പോള്‍ വളര്‍ന്നു പന്തലിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ ചിത്രം മനസ്സിലാക്കാന്‍ സാധിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജയിലറകളില്‍ ഉള്ളത് “പാശ്ചാത്യ സംസ്‌കാര”ത്തിന്റെ തലസ്ഥാനമായ അമേരിക്കയിലാണ്. 2,05,400 സ്ത്രീകളാണ് അമേരിക്കയിലെ വിവിധ ജയിലുകളില്‍ കുറ്റകൃത്യം തെളിഞ്ഞ് ശിക്ഷയില്‍ കഴിയുന്നത്. ചൈനയില്‍ ഇത് ഒരു ലക്ഷത്തിന് മുകളിലും റഷ്യയില്‍ 53,304, തായ്‌ലന്റ് 44,751, ബ്രസീല്‍ 37,380, വിയറ്റ്‌നാം 20,553. വനിതകളും വിവിധ കുറ്റകൃത്യങ്ങളില്‍ ജയിലറകളില്‍ കഴിയുന്നുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ ആകെ ഉള്ള 1394 ജയിലുകളില്‍ 20 എണ്ണം വനിതകള്‍ക്ക് മാത്രമാണ്. ഇന്ത്യയില്‍ ആകെ 18,188 സ്ത്രീകള്‍ ജയിലുകളില്‍ കഴിയുന്നു എന്നത് രാജ്യത്തെ സ്ത്രീ കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. വികസന പാതയില്‍ സഞ്ചരിക്കുന്ന മെക്‌സിക്കോയില്‍ 13,400 വനിത കുറ്റവാളികളുണ്ട് എന്നതും വികസിത-അവികസിത വ്യത്യാസമില്ലാതെ രാജ്യങ്ങളിലെല്ലാം തന്നെ സ്ത്രീകള്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്നു എന്നതിന്റെ തെളിവാണ്. ലോകത്തെ ജയിലറകളിലെ വനിതകളുടെ 50 ശതമാനം അമേരിക്ക, ചൈന, റഷ്യ രാജ്യങ്ങളിലാണ് എന്നത് ഈ രാജ്യങ്ങളില്‍ ഉള്ള സ്ത്രീകളില്‍ അരക്ഷിതാവസ്ഥയും വഴി വിട്ട ജീവിതവും കുടുംബബന്ധങ്ങളിലെ ഊഷ്മളതയില്ലായ്മയും വരച്ചുകാട്ടുന്നു.
എന്തുകൊണ്ടാണ് സ്ത്രീകള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്നത്. എന്ത് സാഹചര്യവും ചേതോവികാരവുമാണ് അവരെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്? കല്‍തുറുങ്കിലേക്ക് നയിക്കപ്പെടുന്ന സാഹചര്യം ഓരോ രാജ്യവും പ്രത്യേകം പ്രത്യേകം പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ കുറ്റവാളികളായാല്‍ അവരുടെ കുടുംബവും അടുത്ത ബന്ധുക്കളും നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളും വലിയ രീതിയിലുള്ള കുടുംബപ്രശ്‌നങ്ങളും ഉത്ഭവിക്കുന്നു. സ്ത്രീകളില്‍ എപ്പോഴാണ് ആര്‍ദ്രത നഷ്ടപ്പെട്ടുപോയി കുറ്റവാളികളായി മാറിയത് എന്ന് അന്വേഷിക്കുമ്പോള്‍ ചെന്നുപെട്ടു പോയ സാഹചര്യങ്ങളും ജീവിതരീതിയും ലക്കും ലഗാനുമില്ലാത്ത ജീവിതവും പ്രതിബന്ധത ഇല്ലായ്മയും കാണാം. അതിലേറെ വരുംവരായ്കകളില്‍ ശ്രദ്ധിക്കാതെ ചെയ്തുപോകുന്ന പ്രവൃത്തികളുടെ പേരില്‍ ജയിലില്‍ അകപ്പെട്ടു പോയ ഹതഭാഗ്യരായ സ്ത്രീകളുടെ കദനകഥകളും കാണാം. വനിതകളുടെ സാന്നിധ്യം ജയിലുകളില്‍ ഏതാണ്ട് രണ്ട് മുതല്‍ ഒന്‍പത് വരെയാണ് വിവിധ രാജ്യങ്ങളില്‍ ഉള്ളത്. ഹോങ്കോങില്‍ ആകെ ജയിലിലുള്ളവരില്‍ 19 ശതമാനം സ്ത്രീകളാണ്. ചൈനയിലെ മാക്കാവോ ദ്വീപില്‍ 18 ശതമാനവും മ്യാന്‍മറില്‍ 16 ശതമാനവും വിയറ്റ്‌നാമില്‍ 16 ശതമാനവും കുവൈറ്റില്‍ 14 ശതമാനവും വനിതകള്‍ ജയിലില്‍ ഉണ്ട് എന്ന് കാണുമ്പോള്‍ സ്ത്രീകളില്‍ ബോധവത്കരണവും ശാക്തീകരണ പ്രവര്‍ത്തനങ്ങളും നടത്തി പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ മുന്‍കൈ എടുക്കേണ്ടതായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൂടാതെ ബോളീവിയ, ഹംഗറി, തായ്‌ലന്റ് രാജ്യങ്ങളിലുള്ള സ്ത്രീ കുറ്റവാളികള്‍ കൂടിവരുന്നു എന്നത് ആധുനിക ജീവിത ക്രമത്തില്‍ വശംവദരായി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം വര്‍ധിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീ കുറ്റവാളികള്‍ കൂടുന്നില്ല എന്ന കാര്യം ഇവിടങ്ങളിലെ ഭരണാധികാരികളുടെ നിതാന്തമായ ജാഗ്രതയും സ്ത്രീവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച പദ്ധതികളുടെ വിജയവുമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലെ ജയിലുകളില്‍ സ്ത്രീകള്‍ കൂടി വരുന്നു എന്നത് പോലെ തന്നെയാണ് ഗൗരവ പൂര്‍വമായ കേസുകളിലാണ് സ്ത്രീകള്‍ ശിക്ഷിക്കപ്പെടുന്നത് എന്നതും ഏറെ പ്രധാനമാണ്. ലോകത്തെ ജയിലറകളില്‍2015 ആയപ്പോള്‍ സ്ത്രീ കുറ്റവാളികളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചെങ്കിലും കേരളത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ ജയിലറകളില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. 7,500 പേര്‍ കേരളത്തിലെ ജയിലുകളില്‍ ഉണ്ടെങ്കില്‍ വെറും 190 സ്ത്രീകള്‍ മാത്രമാണ് ഉള്ളത്. അവരില്‍ ബഹു ഭൂരിഭാഗം വരുന്നത് അന്യസംസ്ഥാന സ്ത്രീകളാണ് എന്ന് കൂടി കാണുമ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അഭിമാനത്തിന് വകനല്‍കുന്നു. സ്ത്രീകളുടെ സവിശേഷങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സഹായഹസ്തം നല്‍കുന്ന കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍, വിവിധ മതവിഭാഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതിന് കാരണമായിട്ടുണ്ട് എന്ന് നമുക്ക് പറയാന്‍ സാധിക്കും. സ്ത്രീകളുടെ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന ലോകരാജ്യങ്ങളില്‍ (ബ്രസീല്‍, കമ്പോഡിയ) പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടുവെങ്കിലും കേരളത്തില്‍ സ്ത്രീകളുടെ കുറ്റവാസന കുറയുന്നു എന്നത് കേരളം ഇന്ത്യക്ക് മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത് കൊണ്ടാണെന്ന് വാദിക്കാന്‍ കഴിയും. സാമൂഹിക സുരക്ഷയും സാമൂഹിക നീതിയും കേരളത്തില്‍ പുലര്‍ന്നു കാണുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം.
ജയിലുകളില്‍ എത്തിയാല്‍ ഒരിക്കല്‍ പോലും സാധാരണ ജീവിതത്തില്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം അവിടുത്തെ പെരുമാറ്റവും സാഹചര്യവും മാറുമ്പോള്‍, ജയിലുകളില്‍ സ്ത്രീകളെ എത്തിക്കാത്തവിധം സാമൂഹിക ഇടപെടല്‍ ഉണ്ടാക്കി സ്ത്രീകളുടെ ഓരോ പ്രശ്‌നത്തിലും കാതലായ ഇടപെടല്‍ നടത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. കൊടിയ പീഡനങ്ങളും ദുരിതങ്ങളും എറ്റുവാങ്ങുന്ന ജയിലറകളിലേക്ക് ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും നേര്‍പതിപ്പായ സ്ത്രീകളെ കൊണ്ടു പോകുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വാകരിക്കേണ്ടിയിരിക്കുന്നു.

Latest